ന്യൂഡൽഹി
മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനങ്ങൾക്കെതിരെ കേന്ദ്ര ധനകാര്യ ഏജന്സി നടപടി എടുത്തതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില 25 ശതമാനംവരെ ഇടിഞ്ഞു. കുറെയൊക്കെ തിരിച്ചുകയറിയെങ്കിലും അദാനിഗ്രൂപ്പിന്റെ മൊത്തം ഓഹരിവിപണി മൂല്യത്തിൽ അരലക്ഷം കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.
മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത മൂന്ന് നിക്ഷേപക കമ്പനികളുടെ അക്കൗണ്ട് എൻഎസ്ഡിഎൽ (നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) മരവിപ്പിച്ചതിനെ തുടർന്നാണിത്. ഈ കമ്പനികൾക്ക് അദാനിയുടെ നാല് സ്ഥാപനത്തിൽ 43,500 കോടി രൂപ നിക്ഷേപമുണ്ട്.
കള്ളപ്പണംവെളുപ്പിക്കൽ നിരോധനനിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കമ്പനികൾക്കെതിരെ നടപടി എടുത്തത്. ഇന്ത്യക്കാരുടെ കള്ളപ്പണം വിദേശത്തേക്ക് കടത്തി മൗറീഷ്യസ് വഴി ഇന്ത്യൻ കമ്പനികളിൽ നിക്ഷേപമായി വരുന്നത് പതിവാണ്. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നീ സ്ഥാപനങ്ങളിലാണ് മൗറീഷ്യസ് കേന്ദ്രമായ അൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവയ്ക്ക് നിക്ഷേപം.
എൻഎസ്ഡിഎൽ നടപടിയെക്കുറിച്ച് ഒരു പത്രത്തിൽ വാർത്ത വന്നതോടെയാണ് ഓഹരിവിപണിയിൽ അദാനിക്ക് തിരിച്ചടിയേറ്റത്. മെയ് 31നോ അതിനുമുമ്പോ നടപടി നിലവിൽവന്നുവെന്നാണ് എൻഎസ്ഡിഎൽ വെബ്സൈറ്റിൽനിന്ന് വ്യക്തമാകുന്നത്. ഇതേതുടർന്ന് ഈ സ്ഥാപനങ്ങൾക്ക് ഓഹരികൾ വിൽക്കാനോ വാങ്ങാനോ കഴിയില്ല. എന്നാൽ മൗറീഷ്യസ് കമ്പനികളുടെ ഡീമാറ്റ് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റിന്റെ ഇ–-മെയിൽ ലഭിച്ചതായി അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു. എൻഎസ്ഡിഎൽ പ്രതികരിച്ചിട്ടില്ല.