ജറുസലേം
വ്യാഴവട്ടത്തിൽ ആദ്യമായി ഇസ്രയേൽ ജനത പുതുഭരണത്തിലേക്ക് കൺതുറന്നു. ഒറ്റ വോട്ടിന്റെ ബലത്തിൽ പാർലമെന്റ് വോട്ടെടുപ്പിൽ വിജയിച്ച നെഫ്താലി ബെന്നറ്റിന്റെ സഖ്യകക്ഷി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഖ്യ ശിൽപ്പിയായ യായിർ ലാപിഡ് ആദ്യ രണ്ടുവർഷം വിദേശമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമാകും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തള്ളപ്പെട്ട ബെന്യാമിൻ നെതന്യാഹു, ‘അപകടകാരിയായ ഇടത് സർക്കാരിനെ’ അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗതമായി നടത്തിവരുന്ന അധികാര കൈമാറ്റ ചടങ്ങിനും അദ്ദേഹം തയ്യാറായില്ല.
59ന് എതിരെ 60 വോട്ടാണ് പുതിയ സർക്കാരിന് ലഭിച്ചത്. ഒരു അറബ് അംഗം വിട്ടുനിന്നു. മന്ത്രിസഭയിൽ ഒമ്പത് വനിതകളടക്കം 27 പേർ. യെഷ് ആതിദ് പാർടിയിലെ മിക്കി ലെവി സ്പീക്കറായി. ആശയപരമായി ഭിന്ന ധ്രുവങ്ങളിലുള്ള എട്ട് പാർടികളാണ് നെതന്യാഹുവിന്റെ ‘വിഭജന ഭരണത്തി’ന് വിരാമമിടാൻ കൈകോർത്തത്. ഒരുകക്ഷി നിലപാട് മാറ്റിയാൽ സർക്കാർ വീഴും.
120 അംഗ പാർലമെന്റിൽ ഏഴ് സീറ്റ് മാത്രമാണ് ബെന്നറ്റിന്റെ യാമിന പാർടിക്കുള്ളത്. സഖ്യത്തിലെ അറബ് പാർടിയുടെ സാന്നിധ്യം തീവ്ര ജൂത ദേശീയവാദിയായ ബെന്നറ്റിന്റെ നിലപാട് മയപ്പെടുത്തുമോ എന്നും കാത്തിരുന്ന് കാണണം. ഇറാൻ ആണവ കരാറിനെ മുഴുവൻ ശക്തിയും ഉപയോഗിച്ച് എതിർക്കുമെന്ന് ബെന്നറ്റ് ഞായറാഴ്ച പാർലമെന്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജോ ബെഡൻ, നരേന്ദ്ര മോഡി, ബോറിസ് ജോൺസൻ ഉൾപ്പെടെ ലോകനേതാക്കൾ ബെന്നറ്റിന് ആശംസയർപ്പിച്ചു.