ന്യൂഡൽഹി
കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം പ്രശ്നങ്ങളെ തുടർന്ന് ജനുവരി 16നും ജൂൺ ഏഴിനുമിടയിൽ 488 പേർ മരിച്ചു. രോഗപ്രതിരോധശേഷി ആർജിക്കുന്നതിനെ തുടർന്ന് പ്രത്യാഘാതങ്ങളുണ്ടായ (എഇഎഫ്ഐ) കേസുകൾ 26200 എണ്ണമാണ്. അതായത്, 23.5 കോടി ഡോസുകൾ കുത്തിവച്ചപ്പോൾ 0.01 ശതമാനത്തിന് മാത്രമാണ് പ്രത്യാഘാതം.
പതിനായിരത്തിൽ ഒരാൾക്കുവീതമാണ് പ്രത്യാഘാതമുണ്ടായത്. 10 ലക്ഷത്തിൽ രണ്ടുപേർ മരിച്ചതായും ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ്18 റിപ്പോർട്ടുചെയ്തു. ഈ പ്രത്യാഘാതങ്ങൾക്കും മരണങ്ങൾക്കും വാക്സിനേഷൻ കാരണമാണെന്ന് പറയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 21 കോടി കോവിഷീൾഡ് ഡോസുകൾ കുത്തിവച്ചപ്പോൾ എഇഎഫ്ഐ 24,703 എണ്ണമാണ്. രണ്ടര കോടിയിൽ താഴെ കോവാക്സിൻ ഡോസുകളിൽ ഇതിന്റെ എണ്ണം 1,497.
കുത്തിവച്ചിടത്ത് നീര്, പനി, ശരീരവേദന, അസ്വസ്ഥത തുടങ്ങിയവ ലഘുവായ പ്രത്യാഘാതങ്ങളാണ്. 95 ശതമാനം (24,901) പ്രത്യാഘാതങ്ങളും ഇത്തരത്തിലുള്ളവയായിരുന്നു. ആശുപത്രിയിൽ ചികിത്സതേടേണ്ടി വന്നത് 8.85 ശതമാനത്തിനുമാത്രം (2,318 ). 488 പേർ മരിച്ചതിൽ 207 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്.