ന്യൂഡൽഹി
മുസ്ലിങ്ങളായ അഭയാർഥികളെ ഒഴിവാക്കി പൗരത്വ അപേക്ഷ ക്ഷണിച്ച മെയ് 28ലെ വിജ്ഞാപനത്തിന് പൗരത്വഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. ‘നിയമപരമായി രാജ്യത്തേക്ക് കുടിയേറിയ വിദേശികൾക്ക് പൗരത്വനിയമത്തിലെ 16–-ാം വകുപ്പ് പ്രകാരം പൗരത്വം നൽകാനുള്ള നീക്കമാണ് നടത്തിയത്. പൗരത്വം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ അധികാരം കലക്ടർമാർക്ക് കൈമാറുന്ന സാധാരണ നടപടിക്രമം മാത്രമാണ് വിജ്ഞാപനം. ഇതിനെ പൗരത്വഭേദഗതി നിയമവുമായി ബന്ധിപ്പിക്കേണ്ടതില്ല ’–- കേന്ദ്രം അവകാശപ്പെട്ടു.
വിജ്ഞാപനം ചോദ്യംചെയ്ത് മുസ്ലിം ലീഗിന്റെ ഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം എതിർസത്യവാങ്മൂലത്തിലൂടെ നിലപാട് അറിയിച്ചത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ 13 ജില്ലകളിലെ അഭയാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് എത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽനിന്നുള്ള അഭയാർഥികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞത്.
മുസ്ലിം മതവിഭാഗക്കാരെ ഒഴിവാക്കിയത് ഭരണഘടനാവിരുദ്ധമെന്ന് ലീഗ് ഹർജിയിൽ ചൂണ്ടിക്കാട്ടി. പൗരത്വഭേദഗതി നിയമത്തിന് എതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.