ഇ ശ്രീധരൻതിരുവനന്തപുരം
നാണംകെട്ട തെരഞ്ഞെടുപ്പ് പരാജയവും കുഴൽപ്പണ, കോഴ വിവാദങ്ങളും കുഴപ്പത്തിലാക്കിയ ബിജെപി സംസ്ഥാന ഘടകത്തെക്കുറിച്ച് ഒരു അന്വേഷണവും ആരും നടത്തിയിട്ടില്ലെന്ന കെ സുരേന്ദ്രന്റെ വാദം പെരുംനുണ. അന്വേഷണം നടത്തിയതായും റിപ്പോർട്ട് സമർപ്പിച്ചതായും കേന്ദ്രനേതൃത്വം നിയോഗിച്ച ജേക്കബ് തോമസ്, സി വി ആനന്ദബോസ് എന്നിവർ സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പരാജയമടക്കം അന്വേഷിക്കാൻ കേന്ദ്രനേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് സുരേന്ദ്രൻ ഡൽഹിയിൽ അവകാശപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നിർദേശപ്രകാരം ഇ ശ്രീധരൻ, ജേക്കബ് തോമസ്, സി വി ആനന്ദബോസ് എന്നിവരാണ് ബിജെപി സംസ്ഥാന ഘടകത്തെക്കുറിച്ച് വെവ്വേറെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഇക്കാര്യം നേരത്തേ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതുമാണ്. ബിജെപിയാകെ ഗ്രൂപ്പ് പിടിയിൽ ആയതിനാലാണ് പാർടിക്ക് പുറത്തുള്ളവരെവച്ച് കേന്ദ്രനേതൃത്വം അന്വേഷിച്ചത്.
അഴിച്ചുപണി വേണമെന്ന്
സി വി ആനന്ദബോസ്
കെ സുരേന്ദ്രൻ പറഞ്ഞതുസംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും വിവാദത്തിൽ താൽപ്പര്യമില്ലെന്നും പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകിയ സി വി ആനന്ദബോസ് ദേശാഭിമാനിയോട് പ്രതികരിച്ചു.
സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ആനന്ദബോസ് നൽകിയ റിപ്പോർട്ടിലുള്ളത്. നേതൃത്വത്തിൽ കാര്യമായ അഴിച്ചുപണി നടത്തണമെന്നും നിർദേശമുണ്ട്. ഗ്രൂപ്പ് തിരിച്ചുള്ള പ്രവർത്തനം പാർടിയെ തകർക്കും. നേതൃത്വം ഗ്രൂപ്പ് താൽപ്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. ചാനൽ ചർച്ചകളിലെ വീര്യം പാർടി പ്രവർത്തനത്തിൽ കാണിക്കുന്നില്ല. പാർടിയോട് താൽപ്പര്യമുള്ളവരെക്കൂടി അകറ്റുന്ന സമീപനമാണ് പല നേതാക്കൾക്കും. നിലവിലുള്ള നേതൃത്വത്തിൽ ജനത്തിന് വശ്വാസമില്ല. അതുകൊണ്ട് അഴിച്ചുപണി വേണം. മറ്റുള്ള പാർടികളിലെ നേതാക്കൾക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും അനാവശ്യ ആക്ഷേപങ്ങൾ ചൊരിയുന്നതും തിരിച്ചടിയാകും. മര്യാദയോടെയുള്ള പെരുമാറ്റവും വർത്തമാനവും ജനം പ്രതീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ജേക്കബ് തോമസ് മറ്റൊരു റിപ്പോർട്ടുകൂടി നൽകും
കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകിയതായി ജേക്കബ് തോമസും സ്ഥിരീകരിച്ചു. നേതൃമാറ്റമടക്കം നിർദേശിക്കുന്നതാണ് ആദ്യം നൽകിയ റിപ്പോർട്ട്. വെളിച്ചം മങ്ങുമ്പോൾ ബൾബ് മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന റിപ്പോർട്ടിലെ പരാമർശം നേരത്തേ ചർച്ചയായിരുന്നു. അടുത്തുതന്നെ മറ്റൊരു റിപ്പോർട്ട്കൂടി ജേക്കബ് തോമസ് നൽകും.