ന്യൂഡൽഹി
കാർഷിക നിയമങ്ങൾ പിൻവലിപ്പിക്കാന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹി അതിർത്തിയില് തുടരുന്ന പ്രക്ഷോഭം തിങ്കളാഴ്ച 200–-ാം ദിവസത്തിലേക്ക് കടക്കുന്നു. 2020 നവംബർ 26നാണ് ലക്ഷക്കണക്കിന് കർഷകർ ഡൽഹിയിലേക്കുള്ള ദേശീയപാതകൾ ഉപരോധിച്ച് സമരമാരംഭിച്ചത്. കൊടും തണുപ്പിനെയും കടുത്ത ചൂടിനെയും കോവിഡ് വ്യാപനത്തെയും അടിച്ചമർത്തൽ ശ്രമങ്ങളെയുമെല്ലാം അതിജീവിച്ച് സമരം 200–-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രക്ഷോഭം കൂടുതൽ തീവ്രമാക്കാൻ ഒരുങ്ങുകയാണ് കർഷകസംഘടനകൾ.
ജൂൺ 26ന് സമരം ഏഴുമാസം പിന്നിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായ പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ആഹ്വാനംചെയ്തു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റ 46–-ാം വാർഷികം കൂടിയാണ് ജൂൺ 26. മോഡി സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തെന്ന് എസ്കെഎം പ്രസ്താവനയിൽ പറഞ്ഞു. കർഷകർ ചെറുത്തുനിൽപ്പ് തുടരും. 26ന് രാജ്ഭവനുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കും. ജില്ലാ–- താലൂക്ക് തലങ്ങളിലും പ്രതിഷേധിക്കും.
കോവിഡ് വ്യാപനം കുറഞ്ഞതോടെ ഡൽഹി സമരകേന്ദ്രങ്ങളിലേക്ക് കൂടുതൽ കർഷകർ എത്തിത്തുടങ്ങി. നെല്ലു കൊയ്ത്തിന്റെ സമയമാണെങ്കിലും പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും കർഷകർ പ്രവഹിക്കുന്നു. ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽനിന്നും കൂടുതൽ കർഷകർ ഗാസിപ്പുരിലെത്തി. ഹരിയാന സർക്കാർ അടുത്തിടെ ജയിലിലടച്ച കർഷകരെ പതിനായിരങ്ങൾ പങ്കെടുത്ത പൊലീസ് സ്റ്റേഷൻ ഉപരോധത്തിലൂടെ മോചിപ്പിച്ചിരുന്നു. ഇത്തരം സമരാനുഭവം പ്രക്ഷോഭത്തിന് ഊർജമേകി. ബംഗാളടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുപിയിലെ തദ്ദേശതെരഞ്ഞെടുപ്പിലുമുണ്ടായ തിരിച്ചടിക്ക് കർഷകരോഷം കാരണമാണെന്ന വിലയിരുത്തൽ ബിജെപിയില് ഒരു വിഭാഗത്തിനുണ്ട്. കർഷകരുമായി ചർച്ച പുനരാരംഭിക്കാൻ സമ്മർദവും ശക്തം.