തൃശൂർ
കേന്ദ്രസർക്കാരിന്റെ കോർപറേറ്റ്–- വർഗീയ കൂട്ടുകെട്ടിനെതിരായ കേരള ബദൽ ലോകത്തിന് പാഠമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്താകെയുള്ള പോരാട്ടത്തിനിത് ഊർജം പകരും. മുതലാളിത്തത്തിന് ബദലുണ്ടെന്ന് കേരളം തെളിയിച്ചു. കോസ്റ്റ് ഫോർഡ് തൃശൂരിൽ സംഘടിപ്പിച്ച ഇ എം എസ് സ്മൃതി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീട്ടിൽ വാക്സിനെത്തിക്കുന്ന കേരള മാതൃക എന്തുകൊണ്ട് കേന്ദ്രം നടപ്പാക്കുന്നില്ലെന്ന് മോഡിയോട് മുംബൈ കോടതി ചോദിച്ചു. വിദ്യാഭ്യാസ, ആരോഗ്യരംഗത്തെ കേരള മാതൃക യൂറോപ്പ്യൻ രാജ്യത്തോട് കിടപിടിക്കുന്നതാണ്. ഇത് നവ ഉദാരവൽക്കരണത്തിനെതിരായ രാഷ്ട്രീയ സമരമാണ്. കേരളത്തിൽ ഇത്തരം മാതൃക മുമ്പും ഉണ്ടായിട്ടുണ്ട്. ഭൂപരിഷ്കരണ നിയമം ഇതിന് ഉദാഹരണമാണ്. ആസൂത്രണത്തിലും വികസനത്തിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നു. സഹകരണമേഖലയുമായി കൈകോർത്ത് തൊഴിലവസരം സൃഷ്ടിക്കുന്നതും കാർഷിക മേഖല ശക്തിപ്പെടുത്തുന്നതും സ്വാഗതാർഹമാണ്. ആഗോളവൽക്കരണത്തിന് ബദലായി കേരളം ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നു. സ്വകാര്യവൽക്കരണത്തിന് പകരം പൊതുമേഖല ശക്തിപ്പെടുത്തുന്നു.
കോർപറേറ്റ് വർഗീയ കൂടുകെട്ടാണ് രാജ്യം ഭരിക്കുന്നത്. ആർഎസ്എസ് ഉയർത്തുന്ന വർഗീയതയാണ് മോഡി നടപ്പാക്കുന്നത്. ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടൽ ഇതിന് ഉദാഹരണമാണ്. എതിർ സ്വരങ്ങളെ കേന്ദ്രം അടിച്ചമർത്തുന്നു. ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കേസെടുത്തത് അവസാന ഉദാഹരണം. മുതലാളിമാർക്കു വേണ്ടി കോവിഡ് കാലത്തും കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇന്ധനവില ദിനംപ്രതി കുത്തനെ ഉയർത്തുന്നു. കർഷകദ്രോഹബില്ല് പാർലമെന്റിൽ ചർച്ചചെയ്യാതെ പാസാക്കുന്നു. ഇത്തരം നയങ്ങൾക്കെതിരെ ബഹുജനപ്രക്ഷോഭങ്ങൾ രാജ്യത്താകെ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ അധ്യക്ഷനായി.