കോഴിക്കോട്
മുസ്ലിംലീഗിലെ ഉന്നതാധികാര സമിതിക്കെതിരെ പടയൊരുക്കവുമായി നേതാക്കൾ. അധികാര കേന്ദ്രമായി മാറിയ ഉന്നതാധികാര സമിതി ഭരണഘടനാവിരുദ്ധമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സംസ്ഥാന പ്രവർത്തകസമിതിക്കും സംസ്ഥാന സമിതിക്കും മുകളിൽ ഇത്തരമൊരു സമിതി ലീഗ് ഭരണഘടനയിലില്ല. ചില ഉന്നത നേതാക്കൾക്ക് പാർടിയെ പോക്കറ്റിലാക്കി നിയന്ത്രിക്കാനുണ്ടാക്കിയ ഭരണഘടനാവിരുദ്ധ സംവിധാനമാണെന്നാണ് ആരോപണം. പി കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടാണീ വിമർശം. തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയോടെയാണ് സമിതിക്കെതിരായ വിമർശം.
പ്രവർത്തക സമിതിയെ നോക്കുകുത്തിയാക്കി തീരുമാനമെടുക്കുന്നത് ഒമ്പതംഗ ഉന്നതാധികാരസമിതിയാണ്. ഇതിനി അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പറയുന്നു. സ്ഥാനാർഥി നിർണയവും തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയതും ഈ സമിതിയിലായിരുന്നു. ചർച്ചകളും അഭിപ്രായങ്ങളുമില്ലാതെ ഉന്നതാധികാരസമിതി ഏകപക്ഷീയമായി നീങ്ങുന്നുവെന്നാണ് ആക്ഷേപം.
ഭരണനഷ്ടത്താൽ നിരാശ ബാധിച്ച ചില നേതാക്കളും ഉന്നതാധികാര സമിതിക്കെതിരെ പ്രവർത്തകരെ ഇളക്കിവിടുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഭരണഘടനാബാഹ്യമായാണ് പാർടിയിൽ തീരുമാനങ്ങളെന്ന് സൂചിപ്പിച്ചിരുന്നു. നേതൃപദവി ലക്ഷ്യമിട്ടാണ് ഷാജിയുടെ പുറപ്പാട്.