ന്യൂഡൽഹി
ഹരിയാനയിൽ നൂഹ് ജില്ലയിലെ ഖേര ഖലീൽപുർ ഗ്രാമത്തിൽ മെയ് 16ന് ആസിഫ് എന്ന യുവാവിനെ കൊന്നവര്ക്ക് അനുകൂലമായി നടക്കുന്ന വർഗീയപ്രചാരണം തടയണമെന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനു കത്ത് നൽകി. ഇരുപത്തെട്ടുകാരനെ കൊന്നവരില് 12 പേര് അറസ്റ്റിലായി. എന്നാൽ, പ്രതികളെ ന്യായീകരിച്ച് മെയ് 30ന് പ്രദേശത്ത് നിരോധനാജ്ഞ ലംഘിച്ച് ‘ഹിന്ദു മഹാപഞ്ചായത്ത്’ ചേർന്നു. സുരാജ് പാൽ അമുവിന്റെ നേതൃത്വത്തിലുള്ള കർണി സേന സംഘടിപ്പിച്ച യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്ര വർഗീയ പരാമർശമാണ് യോഗത്തില്‍ ഉയര്ന്നത്.
ട്രെയിനിൽ ജുനൈദ് എന്ന ബാലനെ അടിച്ചുകൊന്ന കേസില് അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ നരേഷ് കുമാറും യോഗത്തിൽ വർഗീയപ്രസംഗം നടത്തി. പൊലീസ് മൂകസാക്ഷിയായി. നിയമം ലംഘിച്ച് നടത്തിയ യോഗത്തെ ന്യായീകരിക്കുകയാണ് സ്ഥലം എംഎൽഎയായ ബിജെപി നേതാവ്. പ്രദേശത്ത് സ്വൈരജീവിതം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം. ക്രിമിനൽ സംഘത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട ആസിഫിന്റെ കുടുംബത്തെ സംരക്ഷിക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു. ബൃന്ദയുടെയും സിപിഐ കേന്ദ്രസെക്രട്ടറിയറ്റംഗം അമർജിത് കൗറിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.