ന്യൂഡൽഹി
ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും ബിജെപി കേന്ദ്രനേതൃത്വവും താൽക്കാലിക വെടിനിർത്തലില്. പ്രധാനമന്ത്രിയുടെ വിശ്വസ്തനും ഗുജറാത്ത് കേഡർ മുൻ ഉദ്യോഗസ്ഥനുമായ എ കെ ശർമയെ ഉപമുഖ്യമന്ത്രി ആക്കില്ലെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്താന് ആദിത്യനാഥ് തയ്യാറായി. കോൺഗ്രസ് വിട്ടുവന്ന ജിതിൻ പ്രസാദയ്ക്കും പ്രധാന ചുമതല നൽകും. ആദിത്യനാഥിന്റെ നേതൃത്വത്തിൽ അടുത്തവർഷം തെരഞ്ഞെടുപ്പ് നേരിടും. ആദിത്യനാഥ് അടിയന്തരമായി ഡല്ഹിയിലെത്തി പ്രധാനമന്ത്രി മോഡി അടക്കമുള്ളവരുമായി നടത്തിയ മാരത്തണ് കൂടിക്കാഴ്ചയിലാണ് ധാരണ.
പ്രധാനമന്ത്രിയിൽനിന്ന് മാർഗനിർദേശം സ്വീകരിച്ചതായി ഒന്നരമണിക്കൂര് നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയും ആദിത്യനാഥും തമ്മിലുള്ള ചർച്ച രണ്ട് മണിക്കൂർ നീണ്ടു. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷായെയും ആദിത്യനാഥ് കണ്ടു. കൂടിക്കാഴ്ചകൾ മുൻകൂട്ടി തീരുമാനിച്ചതല്ലെന്ന് ബിജെപി കേന്ദ്രങ്ങൾ പറഞ്ഞു. ആദിത്യനാഥും കേന്ദ്ര നേതാക്കളും തമ്മിൽ തർക്കം വഷളായതോടെ ആർഎസ്എസ് ഉന്നതർ ഇടപെട്ടാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയത്.
ആദിത്യനാഥിനെ താരപ്രചാരകനായി സംഘപരിവാർ പ്രചരിപ്പിക്കുന്നതിൽ മോഡിയും അമിത് ഷായും മറ്റും അസ്വസ്ഥരാണ്. മോഡി സംഘം ഉദ്ദേശിച്ചിരുന്നവരെ മറികടന്നാണ് ആർഎസ്എസ് ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത്. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ആദിത്യനാഥ് പരാജയപ്പെട്ടതും എംഎൽഎമാരും എംപിമാരും മുഖ്യമന്ത്രിക്ക് എതിരെ തിരിഞ്ഞതും ആദിത്യനാഥിനെ മെരുക്കാൻ സുവര്ണാവസരമായാണ് മോഡിയും സംഘവും കണ്ടത്. എന്നാല്, ഭിന്നത പരസ്യമാകുന്നതിലേക്ക് കാര്യങ്ങൾ എത്തി. എ കെ ശർമയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള മോഡിയുടെ നിർദേശം ആദിത്യനാഥ് ശക്തമായി ചെറുത്തത് തര്ക്കം രൂക്ഷമാക്കി. ഇതോടെയാണ് ആര്എസ്എസ് വീണ്ടും ഇടപെട്ടത്.