റോം
2018 ലോകകപ്പിൽ കാഴ്ചക്കാരായിരുന്നു ഇറ്റലി. കൊടിയ നിരാശയിൽ തളർന്നുപോയതാണ് അസൂറികൾ. എന്നാൽ, മൂന്നുവർഷത്തിനുശേഷം യൂറോയിലെത്തുമ്പോൾ ഒന്നാന്തരം സംഘമായി അവർ മാറിയിരിക്കുന്നു. റോബർട്ടോ മാൻസീനിക്കു കീഴിൽ തുടർച്ചയായി 27 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് യൂറോയിൽ എത്തിയത്. അതിൽ അവസാന എട്ടു കളികളിൽ ഒരു ഗോൾപോലും വഴങ്ങിയില്ല.
റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ, സ്വന്തം കാണികൾക്കുമുന്നിൽ ഇറങ്ങുമ്പോൾ അട്ടിമറിക്ക് പേരുകേട്ട തുർക്കിയാണ് എതിരാളികൾ. ഇന്ത്യൻ സമയം 12.30ന് ‘യൂറോ 2020’ന് താളം മുറുകും. കോവിഡ് കാരണം ഒരുവർഷം മാറ്റിവയ്ക്കപ്പെട്ട ചാമ്പ്യൻഷിപ് അതിന്റെ ആവേശമണയാതെ വീണ്ടും ഉണരുകയാണ്.
യോഗ്യതാഘട്ടത്തിൽ കളിച്ച പത്തിലും ഇറ്റലി ജയിച്ചു. ലിയനാർഡോ ബൊനൂഷിയും ജോർജിനോ കില്ലേനിയും മാർകോ വെറാറ്റിയും ഉൾപ്പെട്ട പരിചയസമ്പന്നൻമാരുണ്ട്. കളിയുടെ കടിഞ്ഞാൺ ഏറ്റെടുക്കാൻ മധ്യനിരയിൽ ജോർജിന്യോ. ലൊറെൻസോ ഇൻസിന്യെ, നിക്കോളോ ബാറെല്ല, സിറോ ഇമ്മൊബീൽ, ആന്ദ്രേ ബെലോട്ടി തുടങ്ങി നിരവധി മികച്ച താരങ്ങളാണ് ഇറ്റലിക്ക്.
ഫ്രഞ്ച് ലീഗിൽ ലില്ലെയെ ചാമ്പ്യൻമാരാക്കിയ ബുറാക് യിൽമസാണ് തുർക്കിയുടെ പ്രധാന താരം. ഈ മുപ്പത്തഞ്ചുകാരന്റെ ബൂട്ടുകളിലാണ് തുർക്കിയുടെ പ്രതീക്ഷ. ഇരുപത്തേഴുകാരനായ കളിയാസൂത്രകൻ ഹകാൻ കൽഹാനോഗ്ലുവും തുർക്കിയുടെ പ്രതീക്ഷയാണ്. ഗ്രൂപ്പ് എയിൽ വെയ്ൽസും സ്വിറ്റ്സർലൻഡുമാണ് മറ്റു ടീമുകൾ. 12ന് വെയ്ൽസ് – സ്വിറ്റ്സർലൻഡ്, ഗ്രൂപ്പ് ബിയിൽ ബൽജിയം –റഷ്യ, ഡെൻമാർക്ക്– ഫിൻലൻഡ് മത്സരങ്ങളും നടക്കും.