റിയോ ഡീ ജനീറോ
കോപ അമേരിക്ക ഫുട്ബോളിനുള്ള ബ്രസീൽ ടീമായി. പരിക്ക് മാറി പ്രതിരോധത്തിൽ പരിചയസമ്പന്നനായ തിയാഗോ സിൽവ മടങ്ങിയെത്തി. എന്നാൽ, കഴിഞ്ഞ കോപയിൽ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച ഡാനി ആൽവേസിന് ഇടംനേടാനായില്ല. സാധ്യതാ ടീമിലുണ്ടായിരുന്ന ആൽവേസ് പരിക്കേറ്റ് പരിശീലന ക്യാമ്പിൽനിന്ന് പിന്മാറിയിരുന്നു. ശാരീരികക്ഷമത വീണ്ടെടുക്കാൻ കഴിയാത്തതോടെ മുപ്പത്തെട്ടുകാരന്റെ കോപമോഹം പൊലിഞ്ഞു. ഇരുപത്തിനാലംഗ ടീമിലെ പ്രധാനി നെയ്മറാണ്. കാസെമിറോ, അലിസൺ ബെക്കർ, മാർകീന്വോസ് തുടങ്ങിയ പ്രമുഖരും ടിറ്റെയുടെ സംഘത്തിലുണ്ട്. നിലവിലെ ചാമ്പ്യൻമാരാണ് ബ്രസീൽ.
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയാണ് സിൽവയ്ക്ക് പരിക്കേറ്റത്. ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ ഈ ചെൽസിക്കാരൻ പുറത്തായിരുന്നു. ടീമിന്റെ ക്യാപ്റ്റനെ ടിറ്റെ പ്രഖ്യാപിച്ചിട്ടില്ല. യോഗ്യതാമത്സരങ്ങളിൽ മാർകീന്വോസും കാസെമിറോയുമായിരുന്നു നായകർ. 14ന് വെനസ്വേലയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യകളി.
ഗോൾ കീപ്പർമാർ: അലിസൺ, എഡേഴ്സൺ, വെവെർടൺ.
പ്രതിരോധക്കാർ: എമേഴ്സൺ, ഡാനിലോ, അലെക്സ് സാൻഡ്രോ, റെനാൻ ലോധി, ഫെലിപെ, ഏദെർ മിലിറ്റാവോ, മാർകീന്വോസ്, തിയാഗോ സിൽവ.
മധ്യനിരക്കാർ: കാസെമിറോ, ഡഗ്ലസ് ലൂയിസ്, എവെർട്ടൺ റിബെയ്റോ, ഫബീന്യോ, ഫ്രെഡ്, ലൂക്കാസ് പക്വേറ്റ. മുന്നേറ്റക്കാർ: എവെർട്ടൺ, റോബെർടോ ഫിർമിനോ, ഗബ്രിയേൽ ബാർബോസ, ഗബ്രിയേൽ ജെസ്യൂസ്, നെയ്മർ, റിച്ചാർലിസൺ, വിനീഷ്യസ് ജൂനിയർ.