ന്യൂഡൽഹി
ഭരണപരാജയവും ഔദ്യോഗിക തീരുമാനങ്ങളിൽ ഇടപെടാൻ മക്കളെ അനുവദിക്കുന്നുവെന്ന ആക്ഷേപവും കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് പുറത്തേക്ക് വഴി തെളിക്കുന്നു. യെദ്യൂരപ്പയെ നീക്കാൻ ബിജെപി–-ആർഎസ്എസ് ദേശീയനേതൃത്വം തീരുമാനിച്ചു. പ്രായപരിധിയുടെ പേരിലാണ് മാറ്റം നടപ്പാക്കുക. പകരക്കാരനെ തീരുമാനിക്കാൻ വൈകുന്നതിനാലാണ് പ്രഖ്യാപനം നീളുന്നത്. 2008ൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ അഴിമതിക്കേസിൽപ്പെട്ട് രാജിവയ്ക്കേണ്ടിവന്ന യെദ്യൂരപ്പ പിന്നീട് ബിജെപി വിട്ട് പുതിയ പാർടി രൂപീകരിച്ചിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബിജെപിയിൽ തിരിച്ചെത്തി.
ഇത്തവണ കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുത്ത് മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നത് ബിജെപിയിൽനിന്നാണ്. മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയുമാണ് ഫലത്തിൽ ഭരണം നടത്തുതെന്നാണ് ആക്ഷേപം. ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്നു. ടൂറിസംമന്ത്രി സി പി യോഗേശ്വര, എംഎൽഎ അരവിന്ദ് ബെല്ലാഡ് എന്നിവരും പരസ്യമായി രംഗത്തുവന്നു. ബിജെപി ദേശീയനേതൃത്വത്തിന് നിരവധി പരാതികളാണ് ലഭിക്കുന്നത്. കോവിഡ് നേരിടുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടതും യെദ്യൂരപ്പയ്ക്ക് തിരിച്ചടിയായി.
രണ്ട് വർഷത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖം രക്ഷിക്കാനാണ് യെദ്യൂരപ്പയെ മാറ്റുന്നത്.
ഈയിടെ ഉത്തരാഖണ്ഡിൽ ഭരണപരാജയത്തിന്റെ പേരിൽ ബിജെപി മുഖ്യമന്ത്രിയെ മാറ്റി. യുപിയിൽ യോഗി ആദിത്യനാഥിനെ നീക്കാൻ ആലോചിച്ചെങ്കിലും ആർഎസ്എസ് അനുവദിച്ചില്ല. പകരം, പ്രധാനമന്ത്രിയുടെ വിശ്വസ്തൻ എ കെ ശർമയെ ഉപമുഖ്യമന്ത്രിയാക്കാനാണ് നീക്കം. ആദിത്യനാഥ് ഇതിനോട് ഇടഞ്ഞുനിൽക്കുകയാണ്.