കൊൽക്കത്ത
നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ബംഗാൾ ബിജെപിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമാകുന്നു. ചേരിതിരിഞ്ഞ് കുറ്റപ്പെടുത്തുകയും ആരോപണം ഉന്നയിക്കുകയുമാണ് നേതാക്കൾ. പല നേതാക്കളും യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നില്ല . തൃണമൂൽ വിട്ടുവന്ന പ്രമുഖർ ഉൾപ്പെടെ പലരും തിരികെ പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായി.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കൂടിയ പ്രധാന യോഗങ്ങളിൽ ബംഗാളിയായ ദേശീയ വൈസ് പ്രസിഡന്റായ മുകൾ റോയ് പങ്കെടുത്തില്ല. എന്നാൽ ബുധനാഴ്ച വസതിയിൽ റോയ് തന്റെ അനുയായികളുടെ പ്രത്യേക യോഗം വിളിച്ചു. പല ജില്ലകളിൽനിന്നുള്ള നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു. അതിനിടെ തൃണമൂൽ നേതാവ് അഭിഷേക് ബാനർജി മുകൾ റോയിയുമായികൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന രാജീവ് ബാനർജി, സവ്യാസാചി മുഖർജി തുടങ്ങിയവരും പരസ്യ വിമർശവുമായി രംഗത്തു വന്നു. തൃണമൂൽ സർക്കാരിനെ പിരിച്ചുവിടണമെന്ന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ആവശ്യത്തെ രാജീവ് ബാനർജി രൂക്ഷമായി വിമർശിച്ചു.
പരാജയത്തിന് പ്രധാന കാരണക്കാർ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ, കേന്ദ്ര നേതാക്കളായ ശിവപ്രസാദ്, അരവിന്ദ മേനോൻ എന്നിവരാണന്ന് മുൻ സംസ്ഥാന പ്രസിഡന്റും ത്രിപുര, മേഘാലയ ഗവർണറുമായിരുന്ന തഥാഗത റോയ് കുറ്റപ്പെടുത്തി. ദിലീപ് ഘോഷിനെ ഹൂഗ്ലി, പശ്ചിമ ബർദ്വമാൻ ജില്ലകളിൽ പ്രവർത്തകർ മണിക്കൂറുകളോളം തടഞ്ഞു വച്ചു.