ന്യൂഡൽഹി
കോവാക്സിനാണോ കോവിഷീൽഡാണോ കൂടുതൽ പ്രതിരോധശേഷി നൽകുന്നതെന്ന തർക്കം തുടരവെ നാലാം ഘട്ട പരീക്ഷണം നടത്തുമെന്ന് അറിയിച്ച് കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക്. മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. ജൂലൈയോടെ ഈ പരീക്ഷണഫലം ലഭ്യമാകും. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് ആദ്യം പരീക്ഷണ ഫലം കൈമാറും. പിന്നീട് വിദഗ്ധ വിശകലനങ്ങൾക്കായി പ്രമുഖ ശാസ്ത്ര ജേർണലുകൾക്ക് നൽകും. തുടർന്ന് പൂർണ ലൈസൻസിന് അപേക്ഷിക്കും. വാക്സിന്റെ ശരിയായ കാര്യക്ഷമത മനസ്സിലാക്കാനാണ് നാലാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുക–- ഭാരത് ബയോടെക്ക് പറഞ്ഞു.
കോവിഷീൽഡാണ് മെച്ചമെന്ന നിലയിലുള്ള ഗവേഷണ റിപ്പോർട്ടുകളെ കമ്പനി തള്ളിക്കളഞ്ഞു. കോവാക്സിൻ 78 ശതമാനം ഫലപ്രാപ്തി പ്രകടമാക്കുന്നുണ്ടെന്ന്- കമ്പനി അവകാശപ്പെട്ടു. കോവിഡിനെതിരായി കൂടുതൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നത് കോവിഷീൽഡാണെന്ന പഠനറിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോവിഡിനെതിരായ മോണോക്ലോണൽ ആന്റിബോഡി ചികിത്സ രണ്ട് രോഗികളിൽ ഫലപ്രദമായതായി ഡൽഹിയിലെ ഗംഗാറാം ആശുപത്രി അവകാശപ്പെട്ടു. ഒരു പ്രത്യേക ആന്റിജനെ ലക്ഷ്യംവയ്ക്കുന്ന ആന്റിബോഡികളുടെ തനിപ്പകർപ്പാണ് മോണോക്ലോണൽ ആന്റിബോഡികൾ.
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പേര്, പ്രായം, ലിംഗം തുടങ്ങിയ കാര്യങ്ങളിൽ പിശക് സംഭവിച്ചാൽ കോവിൻ പോർട്ടലിൽ തിരുത്തൽ വരുത്താനുള്ള സൗകര്യമൊരുക്കിയതായി കേന്ദ്രം. ആരോഗ്യസേതു ആപ്പിൽ വാക്സിനേഷൻ സ്ഥിതി അപ്ഡേറ്റ് ചെയ്യുകയുമാകാം. ഒരു ഡോസ് മാത്രമെങ്കിൽ ആപ്പിന്റെ മുഖപേജിന്റെ വശങ്ങളിൽ നീല നിറം തെളിയും. ആപ് ലോഗോയിൽ ഒരു ടിക്കുമുണ്ടാകും. രണ്ടു ഡോസുമെടുത്താൽ മുഖപേജാകെ നീല നിറമാവുകയും രണ്ട് ടിക്ക് പ്രത്യക്ഷപ്പെടുകയും ചെയ്യും.