ന്യൂഡൽഹി
മോഡി സർക്കാർ ഒടുവിൽ വാക്സിൻനയം തിരുത്തിയത് ഗത്യന്തരമില്ലാതെ. സ്വകാര്യകമ്പനികൾക്ക് കൊള്ളലാഭം നൽകാനുള്ള സംഭരണനയവും വിലനിർണയവും സുപ്രീംകോടതി കൈയോടെ പിടികൂടിയതും ബിജെപിയിതര സംസ്ഥാന സർക്കാരുകൾ കേന്ദ്രനയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതുമാണ് കേന്ദ്രത്തെ മുട്ടുകുത്തിച്ചത്.
പതിനെട്ടുമുതൽ 44 വയസ്സുവരെയുള്ളവർക്ക് വാക്സിൻ നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്ക്ക് കൈമാറിയ സാഹചര്യത്തിൽ കേന്ദ്രബജറ്റിൽ വകയിരുത്തിയ തുക എന്ത് ചെയ്തെന്ന് സുപ്രീംകോടതി ഡിവിഷൻബെഞ്ച് ചോദിച്ചിരുന്നു. ബജറ്റിൽ വാക്സിനേഷനുവേണ്ടി 35,000 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാനങ്ങൾ വാക്സിൻ സംഭരിച്ചാൽ അത് വാക്സിൻ കമ്പനികൾ തമ്മിൽ മത്സരത്തിന് കാരണമാകുമെന്നും കൂടുതൽ കമ്പനികൾ വാക്സിൻ ഉൽപ്പാദനമേഖലയിലേക്ക് ആകർഷിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചത് ദുരൂഹമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വലിയ ഓർഡറുകൾ നൽകുന്നതുകൊണ്ടാണ് കേന്ദ്ര സർക്കാരിന് വാക്സിൻ വില കുറച്ച് കിട്ടുന്നതെന്ന അവകാശവാദത്തെയും കോടതി ചോദ്യംചെയ്തു. അങ്ങനെയെങ്കിൽ 100 ശതമാനവും കേന്ദ്രം സംഭരിച്ചാൽപോരേയെന്നും കോടതി ആരാഞ്ഞു. ഈ ചോദ്യങ്ങൾക്ക് യുക്തിസഹമായ മറുപടി നൽകാൻ കേന്ദ്രത്തിനു കഴിഞ്ഞില്ല.കേന്ദ്രനയത്തിനെതിരെ ഒന്നിച്ചുനിൽക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയിതര കക്ഷികളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. മിക്ക സംസ്ഥാനങ്ങളും ഇതിനോട് യോജിച്ചു. കോവിഡ് കൈകാര്യം ചെയ്തതിൽ ബിജെപി സർക്കാരുകൾക്ക് സംഭവിച്ച വീഴ്ചകൾ ആർഎസ്എസിന്റെ പരസ്യവിമർശത്തിനും ഇടയാക്കി.