ജനീവ
കോവിഡിനെ തുടര്ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏഷ്യയിലും ആഫ്രിക്കയലും രണ്ടരക്കോടിയിലധികം പേര്ക്ക് വൈദ്യുതി അപ്രാപ്യമാക്കിയെന്ന് റിപ്പോര്ട്ട്. സുസ്ഥിര ഊര്ജ ഉപഭോഗത്തിന്റെ പുരോഗതി സംബന്ധിച്ച് വിലയിരുത്തുന്ന വാര്ഷിക റിപ്പോര്ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
യുഎന് സാമ്പത്തിക സാമൂഹ്യ വിഭാഗം, ലോകബാങ്ക്, ലോകാരോഗ്യ സംഘടന, ഇന്റര്നാഷണല് എനര്ജി ഏജന്സി, ഇന്റര്നാഷണല് റീന്യൂവെബിൾ എനര്ജി ഏജന്സി എന്നിവര് ചേര്ന്നാണ് റിപ്പോര്ട്ട് തയ്യാറാക്കിയത്.
വൈദ്യുതി പ്രതിസന്ധി നേരിടുന്നവരില് മൂന്നില് രണ്ട് പേരും ആഫ്രിക്കന് രാജ്യങ്ങളിലാണ്. കോവിഡിനെ തുടര്ന്ന് ആഗോളതലത്തില്‍ തൊഴില് പ്രതിസന്ധിയുണ്ടായതും വരുമാനം നിലച്ചതും കാരണം ദശലക്ഷക്കണക്കിന് ആളുകള്ക്ക് ലൈറ്റ്, ഫാന്, ടെലിവിഷന് മൊബൈല്ഫോണ് ഉള്പ്പെടെയുള്ള അവശ്യ ഉപകരണങ്ങള് പ്രവര്ത്തിക്കാനുള്ള വൈദ്യുതിപോലും വാങ്ങാനാകാത്ത സ്ഥിതിയിലാണ്. 2030ല് ലോകത്താകെ 66 കോടിപ്പേര്ക്ക് വൈദ്യുതി ഉപയോഗിക്കാനാകാത്ത സ്ഥിതിയുണ്ടാകുമെന്നും റിപ്പോര്ട്ട് പറയുന്നു. ആഗോളതലത്തില്‍ 260 കോടി ആളുകള്ക്ക് ഇപ്പോഴും ശുദ്ധമായ പാചകരീതികള് ഉപയോഗിക്കാനാകുന്നില്ലെന്നും അന്താരാഷ്ട്ര ഏജന്സികള് പറയുന്നു. അഫ്രിക്കന് മേഖലയില് 85 ശതമാനത്തില് അധികംപേരും മണ്ണെണ്ണ, കല്ക്കരി, വിറക് തുടങ്ങിയ ഇന്ധനങ്ങള് ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്.