കൊച്ചി
കേന്ദ്രനിർദേശപ്രകാരം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ നടപ്പാക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ലക്ഷദ്വീപ് ജനതയുടെ പ്രതിരോധം പ്രതിഷേധക്കൊടുങ്കാറ്റായി. കറുത്തകൊടിയും പ്ലക്കാർഡുമുയർത്തി വീടിനുമുന്നിൽ 12 മണിക്കൂർ നിരാഹാരം കിടന്നാണ് അവർ വർഗീയ നയങ്ങൾക്കെതിരായ ചെറുത്ത് നിൽപ്പ് പ്രകടമാക്കിയത്. അഡ്മിനിസ്ട്രേറ്ററെ മടക്കിവിളിക്കുക, സ്വേച്ഛാധിപത്യം തുലയട്ടെ, പരിഷ്കാരങ്ങൾ പിൻവലിക്കുക, കലക്ടർ ഗോബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ദ്വീപ്ജനതയുടെ ശക്തിയും ഒരുമയും അവർ തെളിയിച്ചു.
‘സേവ് ലക്ഷദ്വീപ് ഫോറ’ത്തിന്റെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച രാവിലെ ആറിന് ആരംഭിച്ച് 12 മണിക്കൂർ നീണ്ട ഈ ഐതിഹാസികസമരം. 70,000 ദ്വീപുനിവാസികൾ പ്രതിഷേധത്തിന്റെ ഭാഗമായി. മെഡിക്കൽ സർവീസ് ഒഴികെ മറ്റെല്ലാം അടച്ചിട്ടു. ലക്ഷദ്വീപ് ജനത ഒറ്റക്കെട്ടായി അണിനിരന്ന ആദ്യ പ്രക്ഷോഭം എന്ന പ്രത്യേകതയും ഇതിനുണ്ട്. സ്വച്ഛ് ലക്ഷദ്വീപ് എന്നപേരിൽ പുറത്തിറക്കിയ പരിഷ്കാരങ്ങളെ വലിച്ചെറിയുന്ന കാഴ്ചയും സമരത്തിൽ ദൃശ്യമായി. പുരയിടത്തിൽ വീഴുന്ന ഓലയും മടലും തേങ്ങയും നീക്കിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന നിർദേശത്തിന് അതെല്ലാം കൂട്ടിയിട്ടായിരുന്നു അവർ മറുപടി കൊടുത്തത്. കച്ചവടസ്ഥാപനങ്ങൾ അടച്ചിട്ടു. വാഹനങ്ങൾ നിരത്തിൽ ഇറക്കിയില്ല. സർക്കാർ സർവീസുകൾ പൂർണമായി നിസ്സഹകരിച്ചു. മത്സ്യബന്ധനയാനങ്ങൾ ഇറക്കിയില്ല. കപ്പൽത്തൊഴിലാളികളും പണിമുടക്കി. ഇതിനുമുമ്പ് 2010ൽ കവരത്തി ദ്വീപിലാണ് ഹർത്താലിനു സമാനമായ ഒരു സമരം നടന്നിട്ടുള്ളത്. അന്ന് ദ്വീപുകളിൽ അവശ്യസാധനങ്ങൾ കിട്ടുന്നില്ലെന്ന പരാതിയെത്തുടർന്നായിരുന്നു സമരം.