ന്യൂഡൽഹി > മന്ത്രിസഭാ അഴിച്ചുപണിയെ ചൊല്ലി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള തർക്കം രൂക്ഷമായി. ആർഎസ്എസ് ഉന്നതർ ഇടപെട്ടിട്ടും തർക്കം പരിഹരിക്കാനായില്ല. മോഡിയുടെ വിശ്വസ്തനും ഗുജറാത്ത് കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എ കെ ശർമയെ ഉപമുഖ്യമന്ത്രിയാക്കുന്നതില് ആദിത്യനാഥിനുള്ള എതിർപ്പാണ് തർക്കത്തിന് കാരണം.
ശർമ ഉപമുഖ്യമന്ത്രിയായാൽ താൻ അപ്രസക്തനാകുമെന്ന് ആദിത്യനാഥ് ഭയക്കുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയുടെ നേതൃത്വത്തിൽ പരിവാർ നേതാക്കൾ ലഖ്നൗവിലെത്തി മൂന്ന് ദിവസം ചർച്ച നടത്തിയിട്ടും ഫലമില്ല. കോവിഡ് കൈകാര്യം ചെയ്തതിൽ യുപി സർക്കാർ പരാജയപ്പെട്ടത് രാജ്യാന്തരതലത്തിൽ നാണക്കേടായതോടെയാണ് നേതൃമാറ്റ ചർച്ച തുടങ്ങിയത്. ബിജെപി താരപ്രചാരകനായി കൊണ്ടുനടന്ന ആദിത്യനാഥിനെ അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നീക്കുന്നത് കുഴപ്പമാകുമെന്ന് ദേശീയനേതൃത്വം ഭയക്കുന്നു.
നിലവിലുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശർമ എന്നിവരിൽ ഒരാൾക്കുപകരം എ കെ ശർമയെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. ബിജെപി സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, മുൻകേന്ദ്രമന്ത്രി രാധാമോഹൻ സിങ് എന്നിവരാണ് ഇക്കാര്യം അവതരിപ്പിച്ചത്.
തന്റെ പ്രതിച്ഛായ തകർന്നിരിക്കെ പുതിയ ആളെ കെട്ടിയിറക്കുന്നതില് ആദിത്യനാഥ് ശക്തമായി എതിർപ്പറിയിച്ചു. ഗുജറാത്ത് മുൻമുഖ്യമന്ത്രി കൂടിയായ യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ മുഖ്യമന്ത്രിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെങ്കിലും മഞ്ഞുരുകിയില്ല.