തിരുവനന്തപുരം > കോവിഡ് മഹാമാരിയിൽ നാടാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴും ജനക്ഷേമവും വികസനവും മുൻനിർത്തിയുള്ളതാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.
കടുത്ത സാമ്പത്തികത്തകർച്ചയിലും ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കാതെ ആശ്വാസം പകരുന്നതാണ് ബജറ്റ്. ബദൽ സാമ്പത്തികനയത്തിൽ ഊന്നിയുള്ള ബജറ്റ് ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തിനുതന്നെ മാതൃകയാണ്.
കോവിഡ്മൂലം ആളുകൾ നട്ടംതിരിയുമ്പോൾ ഇന്ധനവില നിരന്തരം വർധിപ്പിച്ചും നികുതി കൂട്ടിയും ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. സൗജന്യ വാക്സിൻ വിതരണത്തിനുള്ള കാരുണ്യംപോലും നരേന്ദ്ര മോഡി സർക്കാരിനില്ല. ദുരന്തത്തിലും ജനങ്ങളെ വേട്ടയാടുന്ന മോഡിയുടെ നയമല്ല എൽഡിഎഫ് സർക്കാരിന്റേതെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജനങ്ങളെ കരുതലോടെ ചേർത്തുപിടിച്ച് പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള സമീപനമാണ് ബജറ്റിലുള്ളത്. സൗജന്യ വാക്സിന് കാത്തുനിൽക്കാതെ എത്ര ചെലവ് വന്നാലും അതുവാങ്ങി ജനങ്ങൾക്ക് നൽകാനുള്ള പ്രതിബദ്ധതയാണ് സർക്കാരിനുള്ളത്. ഈ ജനപക്ഷ സമീപനം രാജ്യത്ത് മറ്റൊരു സർക്കാരിൽനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കോവിഡ് രണ്ടാം പാക്കേജിന് 20,000 കോടി നീക്കിവച്ചത് വലിയ പ്രതീക്ഷ നൽകുന്നു. സാമൂഹ്യാരോഗ്യകേന്ദ്രംമുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് ശ്രദ്ധേയമാണ്.
തീരപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയും അതിദാരിദ്ര്യ ലഘൂകരണത്തിനുള്ള നിർദേശങ്ങളും കാർഷികമേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിയതും ജനപക്ഷ ബജറ്റ് എന്നതിന്റെ ഉദാഹരണങ്ങളാണ്.
ബജറ്റിന്റെ ഉള്ളടക്കവും ലക്ഷ്യവും ജനങ്ങളിൽ എത്തിക്കാൻ സിപിഐ എം പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് എ വിജയരാഘവൻ അഭ്യർഥിച്ചു.