ന്യൂഡൽഹി
ഉത്തരേന്ത്യയിൽ തീവ്രമായ രണ്ടാം കോവിഡ് വ്യാപനത്തിന് പ്രധാനകാരണം ബി.1. 617 (ഡെൽറ്റ) എന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണെന്ന് പഠനറിപ്പോർട്ട്. ജനിതകമാറ്റം പരിശോധിക്കുന്ന ലാബുകളുടെ കൂട്ടായ്മയിലെയും (ഇൻസകോഗ്) ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ഡൽഹിയിൽ 57 ശതമാനം പേരിലും നേരത്തെ രോഗബാധിതരായി ആന്റിബോഡി ശേഷി കൈവരിച്ചവരായിട്ടും ഡെൽറ്റ ഇനം വ്യാപകമായി പടർന്നു. എന്നാൽ, കൂടുതൽ മരണങ്ങൾക്ക് കാരണം ഓക്സിജൻ ക്ഷാമമടക്കം ആരോഗ്യസംവിധാനത്തിൽ സംഭവിച്ച തകർച്ചയാണ്. ഡെൽറ്റ ഇനത്തേക്കാൾ കൂടുതൽ മാരകം നേരത്തെ കണ്ടെത്തിയ യുകെ ഇനം വൈറസായിരുന്നുവെന്നും പഠനം പറയുന്നു.
ഡെൽറ്റ വൈറസിനെ നേരിടാൻ ഫൈസർ വാക്സിൻ പര്യാപ്തമല്ലെന്ന് യുകെയിലെ പഠനത്തിൽ കണ്ടെത്തി. ആദ്യ കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിൽ 79 ശതമാനം പേരിലും ഈ വാക്സിൻ ഗുണപ്രദമായി.