ന്യൂഡൽഹി
കോവാക്സിൻ വിതരണത്തിൽ പഞ്ചാബിലെ കോണ്ഗ്രസ് സർക്കാരിനെതിരെ അഴിമതി ആരോപണം. ഡോസിന് 400 രൂപയ്ക്ക് സംസ്ഥാനത്തിന് കിട്ടിയ വാക്സിൻ 1060 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുനൽകിയെന്നും ആശുപത്രികൾ അവ 1560 രൂപയ്ക്ക് ആളുകൾക്ക് നൽകിയെന്നുമാണ് ആരോപണം. ഇത്തരത്തില് 40,000 ഡോസ് മറിച്ചുവിറ്റെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർസിങ് ബാദൽ ആരോപിച്ചു.
പഞ്ചാബിനു ലഭിച്ച 1.40 ലക്ഷം ഡോസ് കോവാക്സിൻ 20 ആശുപത്രിക്ക് ഡോസിന് 1000 രൂപയ്ക്ക് മറിച്ചുവിറ്റെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ ആരോപിച്ചു. വാക്സിൻ വിതരണം തന്റെ ചുമതലയിൽപ്പെട്ടതല്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ബി എസ് സിദ്ദു പറഞ്ഞു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ വിമതകലാപം രൂക്ഷമായിരിക്കെ ഈ ആരോപണം സർക്കാരിനു കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.