ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്കോട്ലൻഡ്, ചെക്ക് റിപ്പബ്ലിക്ക് ടീമുകളാണ്. കരുത്തുറ്റ നിരയുള്ള ഇംഗ്ലണ്ടിന് എളുപ്പത്തിൽ മുന്നേറാനാകും. ക്രൊയേഷ്യയും പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.
ഇംഗ്ലണ്ട്
യോഗ്യതാ ഘട്ടത്തിൽ ഏഴ് ജയം ഒരു തോൽവി. ടോപ് സ്കോറർ: ഹാരി കെയ്ൻ (9 ഗോൾ). മികച്ച പ്രകടനം: മൂന്നാം സ്ഥാനം (1968). 2016ലെ പ്രകടനം: പ്രീ ക്വാർട്ടർ, ഐസ്ലൻഡിനോട് 1‐2ന് തോറ്റു. പരിശീലകൻ: ഗാരെത് സൗത്ഗേറ്റ്. യൂറോയിലെ ആദ്യമായി കിരീടം കൊതിക്കുന്ന ഇംഗ്ലണ്ടിന് സൗത്ഗേറ്റിൽ പ്രതീക്ഷയുണ്ട്. 96 യൂറോയിൽ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നു സൗത്ഗേറ്റ്. സെമിയിൽ ജർമനിക്കെതിരെ പെനൽറ്റി പാഴാക്കി. പരിശീലകനായി മികച്ച റെക്കോഡുണ്ട്. 2018 ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിയിൽ എത്തിച്ചു.
പ്രധാന താരം: ഹാരി കെയ്ൻ. ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ. 34 ഗോളുണ്ട് ഈ മുന്നേറ്റക്കാരന്. അവസരമൊരുക്കാനും മിടുക്കൻ. ശ്രദ്ധേയതാരം: ജൂഡ് ബെല്ലിങ്ഹാം. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മധ്യനിരക്കാരനായ ബെല്ലിങ്ഹാം ഇംഗ്ലണ്ട് ടീമിലെ പുതുമുഖമാണ്. പതിനെട്ട് വയസ് മാത്രമാണ് ബെല്ലിങ്ഹാമിന്.
ആദ്യ മത്സരം: 13ന് ക്രൊയേഷ്യക്കെതിരെ
യോഗ്യതാ ഘട്ടത്തിൽ 5 ജയം, 2 സമനില, 1 തോൽവി. മികച്ച പ്രകടനം: ക്വാർട്ടർ (1996, 2008). 2016ലെ പ്രകടനം: പ്രീ ക്വാർട്ടർ, പോർച്ചുഗലിനോട് 0‐1ന് തോറ്റു.
പരിശീലകൻ: സ്ലാട്കോ ഡാലിച്ച്. 2017ലാണ് ഡാലിച്ച് ചുമതലയേൽക്കുന്നത്. ക്രൊയേഷ്യയെ 2018ലോകകപ്പിന്റെ ഫൈനലിലെത്തിച്ച് ചരിത്രം കുറിച്ചു. പ്രധാന താരം: ലൂക്കാ മോഡ്രിച്ച്. ക്യാപ്റ്റനും ടീമിന്റെ ആസൂത്രകനും. 2018ലെ ബാലൺ ഡി ഓർ ജേതവായ മോഡ്രിച്ചിലാണ് ക്രൊയേഷ്യയുടെ സ്വപ്നങ്ങൾ. ശ്രദ്ധേയ താരം: ആന്ദ്രേ ക്രെമറിച്ച്. ജർമൻ ലീഗിൽ ഹോഫെൻഹെയ്മിനായി ഈ സീസണിൽ 20 ഗോളടിച്ചു. ക്രൊയേഷ്യയുടെ ഇതിഹാസ താരം ഡേവർ സുകെറുമായാണ് ക്രെമറിച്ചിനെ താരതമ്യപ്പെടുത്തുന്നത്.
ആദ്യ മത്സരം: 13ന് ഇംഗ്ലണ്ടിനെതിരെ.
ചെക്ക് റിപ്പബ്ലിക്ക്
യോഗ്യതാ ഘട്ടത്തിൽ 5 ജയം, 3 തോൽവി. ടോപ് സ്കോറർ: പാട്രിക് ഷിക്ക് (4 ഗോൾ). മികച്ച പ്രകടനം: ചാന്പ്യൻമാർ (1976‐ ചെക്കോസ്ലൊവാക്യ). പരിശീലകൻ: യറോസ്ലോവ് സിൽഹാവി.ചെക്ക് ലീഗിൽ കൂടുതൽ മത്സരം കളിച്ച താരമായിരുന്നു സിൽഹാവി. 2018ൽ പരിശീലകനായി. പ്രധാന താരം: വ്ളാദിമിർ ദാരിദ. ഇംഗ്ലണ്ടിനെതിരെ യോഗ്യതാ ഘട്ടത്തിൽ ചെക്ക് അട്ടിമറി ജയം നേടിയപ്പോൾ ദാരിദയായിരുന്നു തിളങ്ങിയത്. ഹെതെ ബെർലിൻ താരമാണ്. ശ്രദ്ധേയതാരം: തോമസ് സൗചെക്. 2019, 20 വർഷങ്ങളിൽ ചെക്കിന്റെ മികച്ച താരം. ഈ സീസണിൽ വെസ്റ്റ്ഹാമിനായി 10 ഗോളടിച്ചു.
ആദ്യ മത്സരം:14ന് സ്കോട്ലൻഡിനെതിരെ.
സ്കോട്ലൻഡ്
യോഗ്യതാ ഘട്ടത്തിൽ 5 ജയം, 5 തോൽവി. മികച്ച പ്രകടനം: ഗ്രൂപ്പ് ഘട്ടം (1992, 1996). 2016ൽ യോഗ്യത നേടിയില്ല. പരിശീലകൻ: സ്റ്റീവൻ ക്ലാർക്ക്.റൂഡ് ഗുള്ളിന്റെ സഹായിയായി ന്യൂകാസിലിൽ തുടങ്ങി. 2019ൽ സ്കോട്ലൻഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു. പ്രധാന താരം: ജോൺ മക്ഗിൻ. ആസ്റ്റൺ വില്ലയിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്നു. മധ്യനിരയിൽ സ്കോട്ലൻടിന്റെ വിശ്വസ്ത കളിക്കാരനാണ് മക്ഗിൻ. ശ്രദ്ധേയ താരം: ലിണ്ടൻ ഡിക്സ്. ആദ്യ അഞ്ച് കളിയിൽ രണ്ട് ഗോൾ നേടിയ ഡിക്സ് മുന്നേറ്റത്തിൽ സ്കോട്ലൻഡിന് പ്രതീക്ഷ നൽകുന്നു. ആദ്യ മത്സരം: 14ന് ചെക്ക് റിപ്പബ്ലിക്കിനെതിരെ.