തിരുവനന്തപുരം
സി കെ ജാനുവിന്റെ ഇതുവരെയുള്ള എല്ലാ സാമ്പത്തിക ഇടപാടും അന്വേഷിക്കണമെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി വിദ്യാധരൻകാണി ആവശ്യപ്പെട്ടു. ആദിവാസി നേതാവ് ചമഞ്ഞ് ജാനു നടത്തുന്ന പ്രവർത്തനം ആദിവാസി സമൂഹത്തിന്റെ അന്തസ്സിന് നിരക്കാത്തതാണ്.
ആദിവാസി ജനവിഭാഗങ്ങളിൽനിന്ന് ഒറ്റപ്പെട്ടപ്പോഴാണ് ഉപജീവനത്തിനും വെട്ടിപ്പിനുംവേണ്ടി ജെആർപി എന്ന പേരിൽ പാർടി രൂപീകരിച്ചത്. സ്വാർഥ താൽപ്പര്യത്തിനായുള്ള പ്രവർത്തനങ്ങളാണ് എല്ലാക്കാലത്തും ജാനു നടത്തിയത്. തിരുനെല്ലി ഭൂസമരത്തിലടക്കം ആദിവാസികളെ വഞ്ചിച്ച് ഭൂമിയുടെ മുക്കാൽ ഭാഗവും തന്റെ അധീനതയിലാക്കി. ഇന്ന് ജാനുവിന്റെ സംഘടനയിൽ നാമമാത്രമായ ആദിവാസികൾ പോലുമില്ല. ദളിതർക്ക് തെരുവുനായ്ക്കളുടെ വിലപോലും നൽകാതെ വേട്ടയാടുന്ന ആർഎസ്എസിനും ബിജെപിക്കുമൊപ്പം മുന്നണിയിൽ ചേരാനുമുള്ള ജാനുവിന്റെ നടപടി ആദിവാസികളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്നതാണ്. ജനാധിപത്യ രാഷ്ട്രീയ പാർടിയുടെ പേരിൽ സി കെ ജാനു ബിജെപിയുമായി ചേർന്ന്നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണം. ജാനുവിന്റെ തനിനിറം തിരിച്ചറിഞ്ഞ് എല്ലാ ആദിവാസി ഊരുകളിലും ശക്തമായ പ്രതിഷേധമുയർത്തണമെന്ന് വിദ്യാധരൻകാണി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.