ന്യൂഡൽഹി
ഉപയോക്താക്കളെ കബളിപ്പിച്ച് സ്വകാര്യതാനയത്തിന് അംഗീകാരം നേടിയെടുക്കാൻ വാട്സാപ് നീക്കം നടത്തുന്നുവെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുന്നയിക്കുന്നത്.
ഓരോ ഉപയോക്താവിനും 2021 ലെ സ്വകാര്യതാനയം സംബന്ധിച്ച വിജ്ഞാപനം അയച്ചുകൊടുത്ത് അംഗീകാരം നേടിയെടുക്കാനാണ് നീക്കം. വ്യക്തിവിവര സംരക്ഷണ (പിഡിപി) ബിൽ നിയമമാകുന്നതിനുമുമ്പ് മുഴുവൻ ഉപയോക്താക്കളെക്കൊണ്ട് വിവാദമായ സ്വകാര്യതാനയം അംഗീകരിപ്പിക്കുകയെന്ന തന്ത്രമാണ് ഇതിനുപിന്നിലെന്നും കേന്ദ്രം ആരോപിച്ചു. സ്വകാര്യതാനയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് തുടരെത്തുടരെ സന്ദേശം അയക്കുന്നു. ഇക്കാര്യത്തില് വിശദ അന്വേഷണം വേണമെന്നും കേന്ദ്രം പറഞ്ഞു. കോമ്പറ്റീഷൻ ആക്ടിലെ വ്യവസ്ഥകളിലും വാട്സാപ് ലംഘിച്ചെന്ന് കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സിസിഐ) പ്രാഥമിക നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.