ന്യൂഡൽഹി
രാജ്യത്ത് ഇതുവരെയുള്ള വാക്സിൻ കുത്തിവയ്പുകളുടെ കാര്യത്തിൽ വ്യത്യസ്ത കണക്കുമായി കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട രണ്ട് വാർത്താക്കുറിപ്പില് എണ്ണം വ്യത്യസ്തം. കോവിൻ പോർട്ടലിലാകട്ടെ എണ്ണം മറ്റൊന്ന്.
ആരോഗ്യമന്ത്രാലയത്തിന്റെ ഒരു വാർത്താക്കുറിപ്പ് പ്രകാരം ബുധനാഴ്ച രാവിലെ എട്ടുവരെ പാഴായ ഡോസുകളടക്കം 21.96 കോടി ഡോസ് ഉപയോഗിച്ചെന്ന് അവകാശപ്പെടുന്നു. മറ്റൊരു വാർത്താക്കുറിപ്പിലാകട്ടെ ബുധനാഴ്ച ഏഴുവരെ കുത്തിവച്ചത് 22.10 കോടി ഡോസ്.
കോവിൻ പോർട്ടലിലാകട്ടെ ബുധനാഴ്ച വൈകിട്ട് ഏഴിനുള്ള കണക്കില് 21.95 കോടി ഡോസ്. ഇതാകട്ടെ പാഴായ വാക്സിൻ ഡോസുകളെ ഒഴിവാക്കിയുള്ള കണക്കുമാണ്. രാജ്യത്ത് വാക്സിൻ പാഴാക്കൽ അഞ്ച് ശതമാനത്തോളമാണ്. പാഴാക്കൽ അടക്കം 21.96 കോടി വാക്സിൻ ഉപയോഗിച്ചതായി ഒരു വാർത്താക്കുറിപ്പിൽ കേന്ദ്രം അവകാശപ്പെടുമ്പോൾ 1.1 കോടി ഡോസ് പാഴായതായി കണക്കാക്കാം. ഇത് കുറച്ചാൽ കുത്തിവയ്പുകളുടെ എണ്ണം 20.8 കോടിയായി മാറും. എന്നാൽ, കോവിൻ പോർട്ടലിൽ 21.95 കോടിയും മന്ത്രാലയത്തിന്റെ ഒരു കുറിപ്പിൽ 22.10 കോടിയും കുത്തിവയ്പെന്ന് പറയുന്നു.