കൊച്ചി
കോവിഡ് ബാധിതരായ ചലച്ചിത്രപ്രവർത്തകർക്ക് സാമ്പത്തികപിന്തുണ ഉൾപ്പെടെയുള്ള സഹായങ്ങൾ തുടരുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ. 2021 ജനുവരിമുതൽ കോവിഡ് ബാധിച്ച അംഗങ്ങൾക്കുവേണ്ടിയാണ് പദ്ധതി.
കോവിഡ് ബാധിച്ച് ആശുപത്രിയിലായവർക്ക് 5000 രൂപ നൽകും. പൾസ് ഓക്സിമീറ്റർ, തെർമോമീറ്റർ, വിറ്റാമിൻ ഗുളികകൾ, അനുബന്ധ മരുന്നുകൾ, കൈയുറകൾ, മാസ്ക് എന്നിവയടങ്ങിയ കോവിഡ് കിറ്റും നൽകും. ആവശ്യക്കാർക്ക് ഭക്ഷ്യകിറ്റും എത്തിക്കും.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ നൽകും. ആ കുടുംബത്തിലെ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഭാര്യ / ഭർത്താവ് / മകൻ / മകൾ / സഹോദരൻ / സഹോദരി എന്നിവരിൽ ഒരാൾക്ക് ആവശ്യമെങ്കിൽ യൂണിയൻ കാർഡ് സൗജന്യമായി നൽകും. സിനിമാരംഗത്ത് ഇല്ലാത്തവരാണെങ്കിൽ അവരുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് ഫെഫ്ക ഫെഡറേഷനിലോ യൂണിയൻ ഓഫീസുകളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലി ലഭ്യമാക്കും. അർഹരായ അംഗങ്ങളുടെ മക്കൾക്ക് പഠനസാമഗ്രി വാങ്ങാൻ 1000 രൂപ നൽകും. ജീവൻരക്ഷാ ഔഷധങ്ങൾ കഴിക്കുന്ന അംഗങ്ങൾക്ക് കൺസ്യൂമർഫെഡ് മെഡിക്കൽ ഷോപ്പുകൾവഴി മരുന്ന് സൗജന്യമായി നൽകും.
ഫെഫ്കയ്ക്കുകീഴിലെ 19 യൂണിയനുകളിലെ അംഗങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കോവിഡ് ഒന്നാംതരംഗത്തിൽ ദുരിതാശ്വാസമായി രണ്ടുകോടിയിലേറെ രൂപ അംഗങ്ങൾക്ക് നൽകിയിരുന്നു.