അലിഗഢ്
ഉത്തര്പ്രദേശിലെ അലിഗഢിലുണ്ടായ വിഷമദ്യ ദുരന്തത്തില് മരിച്ചവരുടെ എണ്ണം സര്ക്കാര് പറയുന്നതിന്റെ ഇരട്ടിയിലധികമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വ്യാഴാഴ്ച അലിഗഢില്‍ സര്ക്കാര് അംഗീകാരമുള്ള വിൽപ്പനശാലയില്നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചത്. 71 മൃതദേഹം പോസ്റ്റ്മോര്ട്ടം നടത്തിയതായി തിങ്കളാഴ്ച അലിഗഢ് സിഎംഒ ഡോ. ഭാനു പ്രതാപ് കല്യാണി പറഞ്ഞിരുന്നു. പിന്നീട് 16 പോസ്റ്റ്മോര്ട്ടംകൂടി പൂര്ത്തിയാക്കി. എന്നാല്, 35 മരണംമാത്രമാണ് സര്ക്കാര് സ്ഥിരീകരിച്ചിട്ടുള്ളത്.
വിസെറ പരിശോധനാ ഫലം വന്നാല്മാത്രമേ മറ്റുള്ളവരുടെ മരണകാരണം അറിയാനാകൂ എന്നാണ് വിശദീകരണം. മരിച്ചവരുടെ ബന്ധുക്കള്ക്ക് അഞ്ച് ലക്ഷം രൂപ സര്ക്കാര് പ്രഖ്യാപിച്ചിരുന്നു. എന്നാല്, ഇത് മുഖ്യമന്ത്രിയുടെ കൃഷക് സഹായിത പദ്ധതിക്ക് കീഴിലാണ് നല്കുകയെന്നും കൃഷിഭൂമി സ്വന്തമായുള്ളവര്ക്ക് മാത്രമേ ലഭിക്കൂ എന്നും അഡീഷണല് ജില്ലാ മജിസ്ട്രേട്ട് വ്യക്തമാക്കി. സംഭവത്തില് 33 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.