ചെറുപ്പക്കാർക്ക് പെർമനന്റ് മൈഗ്രേഷൻ വിസ ലഭിക്കുന്നതിന് കൂടുതൽ അവസരങ്ങൾ നൽകുന്ന രീതിയിൽ ഓസ്ട്രേലിയയിലെ കുടിയേറ്റം പരിഷ്കരിക്കണമെന്ന് ഗ്രട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ശുപാർശ ചെയ്തു. മികച്ച വരുമാനം ലഭിക്കുന്ന എല്ലാ തൊഴിലുകളിലുള്ളവർക്കും സ്പോൺസർഷിപ്പ് അനുവദിക്കണമെന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പറയുന്നു.
കൊറോണ വൈറസ്ബാധ മൂലമുള്ള അതിർത്തി നിയന്ത്രണങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ കുടിയേറ്റം പുനരാരംഭിക്കുമ്പോൾ വിവിധ മേഖലകളിൽ നൈപുണ്യമുള്ള ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണം എന്നാണ് ഗ്രട്ടൻ ഇൻസ്റ്റിറ്റ്യുട്ടിന്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.
ഓസ്ട്രേലിയൻ നയരൂപീകരണ രംഗത്ത് നിർണ്ണായക സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് മെൽബൺ ആസ്ഥാനമായ ഗ്രട്ടൻ ഇൻസ്റ്റിറ്റ്യൂട്ട്.
സ്കിൽഡ് വിസകൾ നൽകുന്നത് വർദ്ധിപ്പിക്കണം എന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.
രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക അഭിവൃദ്ധിക്ക് ഇതാകും ഗുണകരമെന്നും ഗ്രട്ടൻ ഇൻസ്റ്റിറ്റ്യൂട്ടിലെ എക്കണോമിക് പോളിസി പ്രോഗ്രാം ഡയറക്ടർ ബ്രെണ്ടൻ കോട്ട്സ് പറഞ്ഞു.
പ്രായമേറിയവർക്കും, ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞവർക്കും പെർമനന്റ് വിസകൾ നൽകുന്നത് അവസാനിപ്പിച്ചാലേ രാജ്യത്തിന്റെ ബിസിനസ് രംഗം നവീകരിക്കാനും, സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും കഴിയൂ എന്ന് റിപ്പോർട്ട് പറയുന്നു.
വിവിധ മേഖലകളിൽ നൈപുണ്യവും വൈദഗ്ധ്യവുമുള്ള ചെറുപ്പക്കാരെ ഇതിനു പകരം കൂടുതലായി ആകർഷിക്കണം.
വൈദഗ്ധ്യമുള്ള ചെറുപ്പക്കാർ കുടിയേറിയെത്തിയാൽ അവർ കൂടുതൽ ആദായ നികുതി നൽകുമെന്നും, ഇത് ഖജനാവിന് ഗുണകരമാകുമെന്നുമാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാൾ കൂടുതലാകും ഇവർ നൽകുന്ന ആദായനികുതി.
വർഷം കുറഞ്ഞത് ഒമ്പതു ബില്യൺ (900 കോടി) ഡോളറെങ്കിലും ഇതിലൂടെ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
സ്കിൽഡ് കുടിയേറ്റത്തിനുള്ള പോയിന്റ് കണക്കാക്കുന്ന സംവിധാനം സ്വതന്ത്ര പരിശോധനയ്ക്കും പരിഷ്കരണത്തിനും വിധേയമാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്.
ചെറുപ്പക്കാർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കണമെന്നും, തൊഴിൽ സ്പോൺസർഷിപ്പ് നടപടികൾ ലഘൂകരിക്കണമെന്നും ശുപാർശയുണ്ട്.
നിലവിൽ 53,000 ഡോളറിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കാണ് തൊഴിൽ വിസ സ്പോൺസർഷിപ്പ് ലഭിക്കുക. ഇത് 80,000 ഡോളറിന് മുകളിലാക്കി പരിഷ്കരിക്കണം.
ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻവെസ്റ്റ്മെന്റ് വിസ, ഗ്ലോബൽ ടാലന്റ് വിസ എന്നിവയിൽ കൂടുതൽ പേർക്ക് അവസരം നൽകാനുള്ള സർക്കാർ തീരുമാനം അനുയോജ്യമല്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
പ്രായമേറിയവർക്കാണ് ഈ അവസരം ലഭിക്കുന്നത് എന്നാണ് ഗ്രട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.
കടപ്പാട്: SBS മലയാളം