ന്യൂഡൽഹി
കോവിഡ് മഹാമാരി നേരിടുന്നതിൽ ആദിത്യനാഥ് സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കാൻ ബിജെപി കേന്ദ്രസംഘം ലഖ്നൗവിൽ. ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, മുൻ കേന്ദ്രമന്ത്രി രാധ മോഹൻ സിങ് എന്നിവർ ആദിത്യനാഥിനെയും ഒമ്പത് മന്ത്രിമാരെയും വെവ്വേറെ കണ്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ എന്നിവരുമായി രാധാ മോഹൻ സിങ് ചർച്ച നടത്തി.
അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അടുത്തിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ബിജെപിയെ അലട്ടുന്നു. യുപിയില് കോവിഡ് ബാധിതരുടെ ദുരിതവും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിനടന്നതും പുറംലോകം അറിഞ്ഞതോടെ ആദിത്യനാഥ് സർക്കാരിന്റെ മുഖം കൂടുതൽ വികൃതമായി. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിൽ ബിജെപി എംഎൽഎമാർ അടക്കം അസ്വസ്ഥരാണ്. മന്ത്രിസഭ അഴിച്ചുപണിയണമെന്നും ആദിത്യനാഥിനെ മാറ്റണമെന്നും ആവശ്യമുയർന്നു.
ദുരിതാശ്വാസപ്രവർത്തനം വിലയിരുത്താനാണ് യോഗമെന്നാണ് ബിജെപി ഔദ്യോഗിക വ്യാഖ്യാനം. എന്നാൽ, നേതാക്കളെ പ്രത്യേകം കണ്ടതിനെക്കുറിച്ച് വിശദീകരണമില്ല. പാർടിയും സർക്കാരും തമ്മിലുള്ള വിഷയങ്ങൾ ചർച്ചചെയ്യാനാണ് കേന്ദ്രസംഘമെത്തിയതെന്ന് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചു.