ന്യൂഡൽഹി
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെതിരെ വിമതകലാപം രൂക്ഷമായതോടെ അനുനയ നീക്കവുമായി ഹൈക്കമാൻഡ്. അമരീന്ദറുമായി തെറ്റി മന്ത്രിസഭയിൽനിന്ന് പുറത്തായ നവജ്യോത് സിങ് സിദ്ദു, അമരീന്ദറിന്റെ ദീർഘകാല എതിരാളികളായ രജീന്ദർ കൗർ ഭട്ടാൽ, പ്രതാപ് സിങ് ബജ്വ എന്നിവര് ഒറ്റക്കെട്ടായി എതിര്ചേരിയായതാണ് പ്രധാന വെല്ലുവിളി. പിസിസി അധ്യക്ഷസ്ഥാനമാണ് മുഖ്യതർക്കവിഷയം. മുതിർന്ന നേതാക്കളുമായി ചർച്ച നടത്താൻ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തില് മൂന്നംഗസംഘത്തെ നിയോഗിച്ചു.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അമരീന്ദറിന്റെ വിശ്വസ്തനായ സുനിൽ ഝാക്കറെ പിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്നാണ് സിദ്ദുപക്ഷത്തിന്റെ ആവശ്യം. അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി അമരീന്ദർ സ്വയം രംഗത്തെത്തിയതും ചോദ്യംചെയ്യുന്നു. 2015ൽ ഫരീദ്കോട്ടിലെ ബർഗാഡിൽ സിഖ് മതഗ്രന്ഥത്തെ അപമാനിച്ച സംഭവത്തിലും പൊലീസ് വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട കേസിലും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ അമരീന്ദർസിങ് സർക്കാരിനായില്ലെന്ന് എതിർപക്ഷം തുറന്നടിച്ചു. അഴിമതി, ലഹരിമാഫിയയുടെ വ്യാപനം, പെരുകിയ തൊഴിലില്ലായ്മ എന്നിവയും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി.
പ്രതിപക്ഷത്താകട്ടെ എഎപിയിലും ആഭ്യന്തരകലഹം രൂക്ഷം. ബിജെപിയും ശിരോമണി അകാലിദളും ശക്തമായ കർഷകരോഷം നേരിടുന്നു. ഈ സാഹചര്യത്തിൽ വീണ്ടും ജയിച്ചുകയറാമെന്ന കോൺഗ്രസ് മോഹത്തിന് വിലങ്ങുതടിയാണ് ഗ്രൂപ്പുപോര്. വിമതർക്ക് സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് താൽക്കാലിക പരിഹാരമുണ്ടാക്കാനാണ് ഹൈക്കമാൻഡ് ശ്രമം.