കൊൽക്കത്ത
വിരമിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് ഡൽഹിയിലേക്ക് തിരിച്ചുവിളിപ്പിച്ച കേന്ദ്ര തീട്ടൂരം മാനിക്കാതെ സർവീസ് അവസാനിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖ്യഉപദേഷ്ടാവായി ചുമതലയേറ്റ ബംഗാൾ മുൻ ചീഫ് സെക്രട്ടറി അലാഫൻ ബന്ദോപാധ്യായയെ വേട്ടയാടി കേന്ദ്രം. ദുരന്തനിവാരണ നിയമം 51 ബി വകുപ്പ് പ്രകാരം രണ്ടുവർഷം തടവ് ശിക്ഷവരെ ലഭിക്കാവുന്ന കുറ്റത്തിന് അലാഫന് കേന്ദ്ര ആഭയന്തര മന്ത്രാലയം കാരണംകാണിക്കൽ നോട്ടീസയച്ചു. പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ റിപ്പോർട്ട് ചെയ്യാത്തതിനും പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തതിനും മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം. ദുരന്തസാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കുംവിധം ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്ന ഗുരുതര കുറ്റമാണ് ചുമത്തിയത്.
ചീഫ് സെക്രട്ടറിയുടെ സേവനം മൂന്ന്മാസത്തേക്ക് നീട്ടി കേന്ദ്രവും സംസ്ഥാനവും ഉത്തരവിറക്കിയിരുന്നു. ബംഗാളിൽവച്ച് മോഡി വിളിച്ച അവലോകന യോഗത്തിൽനിന്ന് മമത ബാനർജിയും അലാഫനും വിട്ടുനിന്നതോടെയാണ് വിരമിക്കാൻ മൂന്ന് ദിവസംമാത്രം ശേഷിക്കെ അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.