ദമ്മാം> വികസനമല്ല, ഒരു ജനതയുടെ സ്വൈരജീവിതത്തെ അട്ടിമറിച്ചുകൊണ്ട് കുത്തകകളെ പ്രീണിപ്പിക്കുന്ന നയം ആണ് ലക്ഷദ്വീപില് നടക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ആയ എളമരം കരീം എം പി പറഞ്ഞു. നവോദയ കിഴക്കന് പ്രവിശ്യ സംഘടിപ്പിച്ച “അശാന്തമാക്കപ്പെടുന്ന ലക്ഷദ്വീപ്” എന്ന വെബിനാറില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് കോവിഡ് രോഗികൾ ഇല്ലാതെ ശ്രദ്ധിച്ചപ്പോൾ ആരുടെയും അഭിപ്രായം മാനിക്കാതെ പ്രോട്ടോക്കോൾ ലഘൂകരിച്ച് കോവിഡ് വ്യാപനം സൃഷ്ടിച്ചും കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാട്ടിൽ ഗുണ്ടാ ആക്റ്റ് പ്രഖ്യാപിച്ചും മത്സ്യബന്ധന തൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾ പൊളിച്ചുകളഞ്ഞും കേന്ദ്രസർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിനെ തകർക്കുകയാണ്. കുട്ടികളുടെ ഭക്ഷണത്തില് ഏതെങ്കിലും ഒരു വിഭവം വെട്ടികുറയ്ക്കുന്നത് ഏത് തരം വികസനം ആണെന്ന് അദ്ദേഹം ചോദിച്ചു.
നവോദയ കേന്ദ്രരക്ഷാധികാരി ജോര്ജ് വര്ഗീസ് അധ്യക്ഷനായി. കേന്ദ്രകുടുംബവേദി സെക്രട്ടറി രഞ്ജിത്ത് വടകര സ്വാഗതം പറഞ്ഞു. കേന്ദ്രആക്ടിംഗ് ജനറല്സെക്രട്ടറി രഹീം മടത്തറ നന്ദി പറഞ്ഞു.