യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശനം നിഷേധിച്ചുകൊണ്ട്, 2021 ജൂൺ 30 വരെ ഇന്ത്യയിൽ നിന്നുള്ള എമിറേറ്റ്സ് യാത്രാ സർവീസുകൾ നിർത്തിവക്കുവാൻ എമിരേറ്റ്സ് ഭരണകൂടം നിർദ്ദേശിച്ചത് നടപ്പിലാക്കാൻ തങ്ങൾ ബാധ്യസ്‌ഥർ ആണെന്ന് എമിരേറ്റ്സ് എയർലൈൻസ് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് നേരിട്ടോ , അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലെ നഗരങ്ങൾ വഴിയോ, കടൽ/കര/വ്യോമ മാർഗ്ഗമോ മുഖേന യുഎഇയിലേക്ക് കയറാൻ അനുവാദമില്ലെന്നും, തുടർയാത്രക്കായോ അല്ലാതെയോ അങ്ങനെ വരുന്നവർക്ക് കനത്ത പിഴയോ, ജയിൽവാസമോ അനുഭവിക്കേണ്ടി വന്നേക്കുമെന്നും അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു .
2021 ജൂൺ 30 ന് ശേഷം ഇന്ത്യയിൽ നിന്നുള്ള എമിറേറ്റ്സ് പാസഞ്ചർ സേവനങ്ങളുടെ പ്രവർത്തനനില ഈ സാഹചര്യങ്ങളുടെ അടിസ്‌ഥാനത്തിൽ നിലവിൽ ഉന്നതാധികാരികളുടെ മേൽനോട്ടത്തിലൂന്നിയ അവലോകനത്തിലാണ്. ആയതിനാൽ നിലവിലെ വിലക്ക് വീണ്ടും നീളാൻ സാധ്യതയുണ്ട്. കൂടാതെ, രാജ്യാന്തര വ്യവസ്ഥകൾ അനുവദിക്കുമ്പോൾ മാത്രമേ യാത്രാ സേവനങ്ങൾ പുനരാരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ഉള്ളൂ എന്നും അധികൃതർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. അറിയിപ്പിന്റെ വിളംബരം ഇമെയിൽ മുഖേന ഓസ്‌ട്രേലിയയിലെ എല്ലാ പ്രമുഖ ട്രാവൽ ഏജന്റുമാർക്കും ഇതിനോടകം ലഭ്യമായിട്ടുണ്ട് .
ഓസ്‌ട്രേലിയയിൽ നിന്നും ദുബായ് വഴി നാട്ടിൽ എത്താനാഗ്രഹിക്കുന്നവർക്കും, തിരികെ വരാനുള്ളവരുമായ യാത്രക്കാർക്ക് വളരെ നിരാശാജനകമായ ഒരു വാർത്തയാണിതെന്ന്, ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളീ ട്രാവൽ ഏജന്റുമാർ അഭിപ്രായപ്പെട്ടു. എല്ലാം എത്രയും പെട്ടെന്ന് ശരിയാകാനും, നിലവിൽ നാട്ടിലേക്ക് മുഖ്യമായ സർവീസ് നൽകുന്ന എമിറേറ്റ്‌സ് എയർലൈൻസിനു അതിർത്തികൾ തുറന്നു കഴിഞ്ഞാൽ പൂർണ്ണ പിന്തുണ നൽകി യാത്രക്കാർക്ക് ഇന്ത്യയിലെ വിവിധ ലക്ഷ്യ സ്‌ഥലങ്ങളിൽ എത്തുവാനുതകുന്ന സാഹചര്യം തുറന്നു കിട്ടാനും സാധിക്കട്ടെ എന്ന പ്രതീക്ഷാ നിർഭരമായ ശുഭാപ്തി വിശ്വാസം അവർ പങ്കുവച്ചു.