കൊൽക്കത്ത
പശ്ചിമബംഗാളിൽ യാസ് ചുഴലി ദുരന്തംവിതച്ച പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി സിപിഐ എം പ്രവർത്തകർ. സമൂഹ അടുക്കള ഒരുക്കൽ, കുടിവെള്ള വിതരണം, മെഡിക്കൽ ക്യാമ്പുകൾ, ഔഷധ വിതരണം, വീടുകൾ പുനർ നിർമിക്കാൻ സഹായം തുടങ്ങിയ പ്രവർത്തനങ്ങളിലാണ് പ്രവർത്തകർ.
വ്യാപക നാശമുണ്ടായ പൂർവ മെദിനിപ്പുർ, ഉത്തര-, ദക്ഷിണ 24 പർഗാനാസ് ജില്ലകളിൽ റെഡ് വളന്റിർമാർ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ ഭാഗങ്ങളിൽനിന്ന് ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, മരുന്ന് തുടങ്ങിയവ ശേഖരിച്ച് ക്യാമ്പുകളിലെത്തിച്ചാണ് സഹായം നൽകുന്നത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരാണ് സന്നദ്ധപ്രവർത്തനത്തിന് മുൻപന്തിയിൽ. ഏതു പ്രതിസന്ധിയിലും പാർടി ജനങ്ങളോടൊപ്പമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ അതിന് മാനദണ്ഡമല്ലെന്നും സിപിഐ എം ദക്ഷിണ 24 പർഗാനാസ് ജില്ലാ സെക്രട്ടറി സമിക്ക് ലാഹിരി പറഞ്ഞു.കോവിഡ് ബാധിതരെ സഹായിക്കുന്ന റെഡ് വളന്റിയർമാരുടെ സേവനം സംസ്ഥാനത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.