കെയ്റോ
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ആദ്യ പേജിൽ പ്രസിദ്ധീകരിച്ച് ന്യൂയോർക്ക് ടൈംസ്. ഇസ്രയേൽ ക്രൂരതയുടെ മുഖം തുറന്നു കാണിച്ചാണ് വെള്ളിയാഴ്ച പത്രം പുറത്തിറങ്ങിയത്. ഗാസയിൽ മരിച്ച 67 കുട്ടികളുടെയും ഇസ്രയേലിൽ മരിച്ച രണ്ടു പേരുടെയും ചിത്രങ്ങളാണ് ഒന്നാം പേജിലുള്ളത്.
ഗാസയിലെ മാതാപിതാക്കൾ അനുഭവിക്കേണ്ടി വരുന്ന ദുഃഖം വരച്ചിടുന്ന ചെറുകുറിപ്പ് ഉൾപ്പെടുത്തി ‘അവർ കുട്ടികളായിരുന്നു’വെന്ന തലക്കെട്ടിലാണ് പത്രം പുറത്തിറങ്ങിയത്. ഇസ്രയേലിനൊപ്പമാണ് യുഎസ് നിലപാട് പ്രസിഡന്റ് ബൈഡൻ ആവർത്തിക്കുമ്പോഴും പലസ്തീന് പോരാട്ടത്തിന് വലിയ പിന്തുണയാണ് അമേരിക്കയിലും ലഭിക്കുന്നത്. ജനപ്രതിനിധി സഭയിലും അസാധാരണമായി പലസ്തീനായി ശബ്ദം ഉയരുന്നുണ്ട്. ഡെമോക്രാറ്റുകളായ സെനറ്റ് അംഗങ്ങൾവരെ ബൈഡന്റെ നിലപാടിനെതിരെ എതിർപ്പ് ഉയർത്തി.