റാഞ്ചി
രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനത്തെ രാഷ്ട്രീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. കൊടുങ്കാറ്റിനെ ഒത്തുചേർന്ന് നേരിട്ട് ചുഴലിക്കാറ്റിനെ അതിജീവിച്ചില്ലെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും മുങ്ങിപ്പോകും. മുഖ്യമന്ത്രിമാരെ ഒഴിവാക്കി ഉദ്യോഗസ്ഥരുമായി അവലോകനം നടത്തുന്ന പ്രധാനമന്ത്രിയുടെ നടപടി ഫെഡറൽ തത്വങ്ങൾക്ക് ചേർന്നതല്ലെന്ന് സോറൻ പറഞ്ഞു. മുമ്പ് മോഡിയുമായി ഫോൺ വഴിയുള്ള ചർച്ച മൻ കി ബാത്തുപോലെ ഏകപക്ഷീയമാണെന്ന് സോറൻ കുറ്റപ്പെടുത്തിയിരുന്നു.
രാജ്യത്തിനായി 34 ശതമാനം ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന ജാർഖണ്ഡിൽ കേന്ദ്ര നയംമൂലം പ്രാണവായുവിന് ക്ഷാമമാണ്. വാക്സിൻ, ഓക്സിജൻ എന്നിവയുടെ വിതരണത്തിന് കൃത്യമായ സംവിധാനമൊരുക്കാൻ കേന്ദ്രത്തിനായില്ല. കഴിഞ്ഞവർഷം മുന്നൊരുക്കമില്ലാതെ അടച്ചിടൽ പ്രഖ്യാപിച്ചത് ഇതരസംസ്ഥാന തൊഴിലാളികളടക്കം നിരവധിപേരുടെ മരണത്തിനിടയാക്കി. ഇപ്പോൾ അടച്ചിടൽ പ്രഖ്യാപിക്കാൻ വിമുഖത കാട്ടി കൂടുതൽ മരണത്തിന് കേന്ദ്രം വഴിയൊരുക്കിയെന്നും സോറൻ പറഞ്ഞു.