പുതുച്ചേരി
മന്ത്രിസഭാ രൂപീകരണം വൈകുന്ന സാഹചര്യത്തിൽ പുതുച്ചേരിയിൽ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു. എൻആർ കോൺഗ്രസ് നേതാവ് രങ്കസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും സമവായമാകാത്തതിനാൽ സ്പീക്കറെയും മന്ത്രിമാരെയും നിയമിച്ചിട്ടില്ല. ബിജെപി–- എൻആർ കോൺഗ്രസ് സഖ്യം ഭൂരിപക്ഷം നേടിയ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞിട്ട് ഒരു മാസത്തോളമായി.
ബിജെപി എംഎൽഎമാരായ എ നമഃശിവായം, ഏമ്പലം സെൽവം എന്നിവർ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കണ്ട് സംസ്ഥാനത്തെ സ്ഥിതി അറിയിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി രങ്കസ്വാമിയെ ഫോണിൽ വിളിക്കുകയുംചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സംസാരിക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചതെന്ന് എൻആർ കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.
ഇതിനിടെ, കേന്ദ്ര അന്വേഷണ ഏജൻസികളെ സംസ്ഥാനത്തേക്ക് നിയോഗിച്ചതായും വിവരമുണ്ട്. എൻആർ കോൺഗ്രസിലെ പ്രമുഖന്റെ സ്വത്ത്, വിവാദമായ കേസ് എന്നിവയെ സംബന്ധിച്ചുള്ള വിവരം കേന്ദ്ര ഏജൻസി തേടി. മൂന്ന് എൻആർ കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാനും ബിജെപി നീക്കമുണ്ട്. മുഖ്യമന്ത്രി ഡിഎംകെയുമായി അടുക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെയാണിത്.