മനാമ> ഇന്ത്യയില് നിന്നുള്ള യാത്രാ വിമാനങ്ങള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് യുഎഇ ജൂണ് 30 വരെ നീട്ടിയതായി ഔദ്യോഗിക എയര്ലൈനായ എമിറേറ്റ്സ് എയര്വേസ് അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്തവര് (ട്രാന്സിറ്റ്)ക്കും വിലക്കു ബാധകം.
അതേസമയം, ഇക്കാര്യത്തില് യുഎഇ സര്ക്കാര് ഔദ്യാഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
യുഎഇ പൗരന്മാര്, ഗോള്ഡന് വിസക്കാര്, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള് എന്നിവരെ നിരോധനത്തില് നിന്ന് ഒഴിവാക്കിയതായും എമിറേറ്റ്സ് വെബ്സൈറ്റില് അറിയിച്ചു.
യാത്രക്കാര്ക്ക് നേരത്തെയെടുത്ത ടിക്കറ്റ് ഭാവിയിലെ യാത്രക്കായി മാറ്റിവെക്കുകയോ റീബുക്കോ ആവാം.
ഇന്ത്യയില് കൊറോണവൈറസ് വര്ധിച്ചതിനെ തുടര്ന്ന് ഏപ്രില് 24നാണ് യുഎഇ ഇന്ത്യന് സര്വീസുകള് നിരോധിച്ചത്. യുഎഇയില് നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള സര്വീസിന് വിലക്കില്ല. യുഎഇ വഴി ഇന്ത്യയിലേക്കുള്ള സര്വീസുകളും കാര്ഗോ സര്വീസുകളും നിരോധിച്ചിട്ടില്ല.
കോവിഡിന് മുന്പ് ഏറ്റവും തിരിക്കുപിടിച്ച സെക്ടറായിരുന്നു ഇന്ത്യ-യുഎഇ.
യുഎഇയില് ഉടന് തിരിച്ചെത്തിയില്ലെങ്കില് ജോലി നഷ്ടപ്പെടുമെന്നും വിസ കാലാവധി കഴിയുമെന്നുമുള്ളവരുടെ മടക്കം അനിശ്ചിതത്വത്തിലായി. ജൂണ് 14ഓടെ വിലക്ക് നീക്കിയേക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര് അഹ്മദ് അല് ബന്ന അറിയിച്ചിരുന്നു.
സൗദി ഞായറാഴ്ച യുഎഇ അടക്കം 11 രാജ്യങ്ങള്ക്കുള്ള വിലക്ക് പിന്വലിച്ചിട്ടുണ്ട്. യുഎഇ വഴി സൗദിയിലേക്ക് പോകാന് കാത്തിരിക്കുന്നവര്ക്ക് ഇത് പ്രതീക്ഷ നല്കിയെങ്കിലും യുഎഇ വിലക്ക് നീട്ടിയത് ഇവരെ പ്രതിസന്ധിയിലാക്കി.