കൊല്ക്കത്ത
കേന്ദ്രസര്ക്കാരും പശ്ചിമ ബംഗാള്‍ സര്ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല് വഴിത്തിരിവില്. വിരമിക്കാന് മൂന്ന് ദിവസം ശേഷിക്കെ ചീഫ് സെക്രട്ടറി അലാപൻ ബന്ദോപാദ്ധ്യയെ കേന്ദ്രം തിരിച്ചുവിളിച്ചു. കോവിഡ് മഹാമാരി നിയന്ത്രണ ചുമതലയുള്ള ചീഫ് സെക്രട്ടറിക്ക് കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി സംസ്ഥാനം ഉത്തരവിറക്കി 24 മണിക്കൂറിനുള്ളിലാണ് കേന്ദ്രനടപടി. മെയ് 31ന് മുമ്പ് ഡല്ഹിയില് റിപ്പോര്ട്ട് ചെയ്യാനാണ് നിര്ദേശം.
ബിജെപിയെ പരാജയപ്പെടുത്തിയതിന് ബംഗാളിനോടും ബംഗാളികളോടും പ്രധാനമന്ത്രി കാട്ടുന്ന പ്രതികാരമാണിതെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
യാസ് ചുഴലിക്കാറ്റ് ദുരന്തം അവലോകനം ചെയ്യാന് വെള്ളിയാഴ്ച ബംഗാളിലെത്തി പ്രധാനമന്ത്രി നടത്തിയ യോഗത്തില്‍നിന്ന് മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയും വിട്ടുനിന്നു.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ ക്ഷണിച്ചതില് പ്രതിഷേധിച്ചാണ് മമത യോഗം ബഹിഷ്കരിച്ചത്. ചീഫ്സെക്രട്ടറിയെ പങ്കെടുപ്പിച്ച് മമത പ്രത്യേക അവലോകന യോഗം നടത്തി.
12 ലക്ഷം പേര് ക്യാമ്പുകളില്
യാസ് ചുഴലിക്കാറ്റ് ബംഗാളില്‍ ഒരു കോടിയോളം പേരെ ദുരിതത്തിലാക്കി നാലുദിവസം കഴിഞ്ഞിട്ടും കാര്യമായ സഹായം എവിടെയും എത്തിയിട്ടില്ല. 12 ലക്ഷത്തോളം പേര് ദുരിതാശ്വാസക്യാമ്പുകളില്. മതിയായ ആഹാരവും കുടിവെള്ളവും കിട്ടുന്നില്ലെന്ന പരാതി വ്യാപകം. വൈദ്യുതി, ജലവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. കടപുഴകിയ മരങ്ങള് നീക്കാത്തത് ഗതാഗത തടസ്സം രൂക്ഷമാക്കി. കേന്ദ്ര, സംസ്ഥാന ഏജന്സികള് തമ്മില് ഏകോപനമില്ലാത്തത് ദുരിതാശ്വാസപ്രവര്ത്തനത്തെ ബാധിച്ചു. കോവിഡ് മാനദണ്ഡവും വ്യാപകമായി ലംഘിക്കപ്പെടുന്നു.















