കൊളംബോ
കൊളംബോ ബീച്ചിനടുത്ത് തീപിടിച്ച ചരക്കുകപ്പലിൽനിന്ന് വൻതോതിൽ നൈട്രജൻ ഓക്സൈഡ് ചോർന്നതിനാൽ ശ്രീലങ്കയിൽ ചെറിയ തോതിൽ അമ്ലമഴ ഉണ്ടായേക്കുമെന്ന് അധികൃതർ. 25 ടൺ നൈട്രജൻ ഓക്സൈഡ് വീതമുള്ള 1468 കണ്ടെയ്നറുമായി ഗുജറാത്തിൽനിന്ന് പോയ സിംഗപ്പുർ കപ്പൽ ‘എം വി എക്സ്പ്രസ് പേളി’ൽ കഴിഞ്ഞയാഴ്ചയാണ് തീപിടിത്തമുണ്ടായത്. കപ്പലിൽനിന്ന് ചോർന്ന ആസിഡ് മഴയിൽ കലർന്ന് അമ്ലമഴയാകാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കയിലെ സമുദ്ര പരിസ്ഥിതി സംരക്ഷണ അതോറിറ്റി (എംഇപിഎ) ചെയർപേഴ്സൺ ദർഷണി ലഹണ്ഡപുര പറഞ്ഞു.
തീരത്തോട് ചേർന്ന പ്രദേശത്തുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം. മഴയിൽ ഇറങ്ങരുത്. ഇന്ത്യൻ നേവിയുടെ സഹായത്തോടെ നടത്തുന്ന തീയണയ്ക്കൽ ശ്രമം വിജയം കണ്ടുവരികയാണെന്നും അവർ പറഞ്ഞു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. 325 ടൺ ഇന്ധനമാണ് കപ്പലിൽ ഉണ്ടായിരുന്നത്.
കടലിൽ എണ്ണ കലരുന്നത് കഴിവതും തടയാനും ശ്രമം തുടരുന്നു. ഇന്ത്യയുടെ മലിനീകരണ നിയന്ത്രണക്കപ്പൽ ‘സമുദ്ര പ്രഹരി’ കൊളംബോയിൽ എത്തും. കപ്പൽ രണ്ടായി തകരാനുള്ള സാധ്യത ശ്രീലങ്കൻ നേവി തള്ളിക്കളഞ്ഞു.