കുവൈത്ത് സിറ്റി> കോവിഡ് മൂലം ബുദ്ധിമുട്ടുന്നവര്ക്ക് തുണയേകുന്ന ഇടപെടലുകളുമായി സീറോ മലബാര് കള്ച്ചറല് അസോസിയേഷന്, കുവൈറ്റിന്റെ (SMCA) ഇരുപത്തിയാറാമത് വര്ഷത്തെ പ്രവര്ത്തനങ്ങള് ആരംഭിച്ചു.
വിമാനത്താവളങ്ങള് അടച്ചത് മൂലം നാട്ടില്നിന്ന് യഥാസമയം മടങ്ങി വന്നു ജോലിയില് പ്രവേശിക്കുവാന് സാധിക്കാതെ പോയവര്ക്ക് ഏതു നിമിഷവും മടങ്ങിവരുന്നതിനു സഹായകമാകുന്ന രീതിയില് വാക്സിനേഷനില് മുന്ഗണന നല്കണമെന്ന് കേന്ദ്ര, കേരള സര്ക്കാരുകളോടും ഇതില് എംബസിയുടെ പ്രത്യേക ഇടപെടല് ആവശ്യപ്പെട്ടുകൊണ്ട് കുവൈറ്റിലെ ഇന്ത്യന് അംബാസഡറിനും നിവേദനം കൈമാറി.
എന്ആര്ഐകള്ക്ക് പ്രായഭേദമെന്യേ വാക്സിനേഷന് ലഭ്യമാക്കുക, വാക്സിനേഷന് സര്ട്ടിഫിക്കറ്റുകളില് വാക്സിനുകളുടെ പേരുകള് പ്രവാസ രാജ്യങ്ങളില് അംഗീകരിക്കത്തക്ക രീതിയില് പുനഃക്രമീകരിക്കുക, വാക്സിനേഷന് ക്യാമ്പുകളില് എന്ആര്ഐ ഡസ്കുകള് ഏര്പ്പെടുത്തുക എന്നീ നിര്ദ്ദേശങ്ങളാണ് ഇക്കാര്യത്തില് എസ്എംസിഎ മുന്നോട്ടുവെച്ചത്.
ഈ നിര്ദ്ദേശങ്ങള് അനുഭാവപൂര്വ്വം പരിഗണിക്കുന്നു എന്നും ഉചിതമായ നടപടികള് സ്വീകരിക്കുന്നതിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പ്രിന്സിപ്പല് സെക്രട്ടറിക്ക് കൈമാറിയതായും മുഖ്യമന്ത്രിയുടെ ഓഫീസില് നിന്നും രേഖാമൂലം മറുപടി ലഭിക്കുകയും ഉണ്ടായി. തുടര്ന്ന് പത്ത് ദിവസങ്ങള്ക്കകം തന്നെ ഈ വിഷയത്തിന് പരിഹാരമായേക്കാവുന്ന നടപടികള്ക്ക് കേരള സര്ക്കാര് തുടക്കം കുറിക്കുകയും, പത്രസമ്മേളനത്തില് മുഖ്യമന്ത്രി തന്നെ അത് അറിയിക്കുകയും ചെയ്തു.
നാട്ടില് മാതാപിതാക്കളോ മക്കളോ പരസഹായമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന പ്രവാസികുടുംബങ്ങളില് അടിയന്തിര സാഹചര്യങ്ങളില് അവശ്യ സഹായമെത്തി ക്കുന്നതിനുള്ള പ്രത്യേക പ്രവാസി ഹെല്പ് ഡെസ്ക് ഗ്ലോബല് കാതോലിക്കാ കോണ്ഗ്രസിന്റെ വിവിധ യൂണിറ്റുകളുടെ കീഴില് നിലവില് വന്നു.
കുവൈറ്റില് രോഗികളാകുന്ന അംഗങ്ങളെ അവരുടെ ആവശ്യങ്ങളില് സഹായിക്കുന്നതിനും, അത്യാഹിതവിഭാഗത്തില് പ്രവേശിപ്പിക്കപ്പെടുന്ന അംഗങ്ങള്ക്ക് വേണ്ടുന്ന സഹായങ്ങള് എത്തിക്കുന്നതിനും, അവരുടെ ബന്ധുക്കള്ക്ക് വിവരങ്ങള് കൃത്യമായി എത്തിക്കുന്നതിനുമൊക്കെ ഉതകുന്ന രീതിയില് പ്രത്യേകം പ്രത്യേകം ആക്ഷന്ഫോഴ്സ്സുകള്ക്കു സംഘടന രൂപംനല്കി.
മഹാമാരിയുടെ കാലത്ത് പ്രവാസികള്ക്കും അവരുടെ കുടുംബങ്ങള്ക്കും താങ്ങും തണലുമായ പ്രവര്ത്തനപരിപാടികള്ക്കു എസ്എംസിഎയുടെ ഇരുപത്തിയാറാമതു പ്രവര്ത്തന വര്ഷത്തില് മുന്ഗണന നല്കുമെന്ന് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു.