കോഴിക്കോട്> ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷം തകര്ക്കുന്ന കേന്ദ്രസര്ക്കാര് ഇടപെടലുകള് അവസാനിപ്പിക്കണമെന്നും ദ്വീപ് നിവാസികളുടെ തൊഴിലും ജീവിത സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കേരളപ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി മെയ് 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ജില്ലയിലെ മുഴുവന് പ്രവാസി ഗൃഹാങ്കണങ്ങളിലും ഐക്യദാര്ഢ്യ സദസ്സ് സംഘടിപ്പിക്കും.
സംഘ്പരിവാര് രാഷ്ട്രീയത്തിന്റെ പ്രചാരകനായ പ്രഫുല് പട്ടേല് എന്ന അഡ്മിനിസ്ട്രറ്റര് ചുമതലയേറ്റത് മുതല് 99 ശതമാനം വരുന്ന മുസ്ലിങ്ങളുള്ള ദ്വീപ് നിവാസികളുടെ പരമ്പരാഗത ജീവിതരീതികള് ഒന്നൊന്നായി അട്ടിമറിക്കപ്പെടുകയാണ്. എസ്. ഒ. പി കള് എടുത്തുമാറ്റിയത് കാരണം കോവിഡ് രോഗം ക്രമാതീതമായി വര്ധിക്കുകയാണ്. അംഗന്വാടികള് അടച്ചു പൂട്ടി . നിരവധി സര്ക്കാര് ജോലിക്കാരെ പിരിച്ചുവിട്ടു. ബഹുഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴിലുപകരണങ്ങള് സൂക്ഷിച്ചിരുന്ന ഷെഡുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റി.
നൂറ്റാണ്ടുകളായി ദ്വീപുകാര് ചരക്കു ഗതാഗതത്തിനുപയോഗിച്ചിരുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ ആശ്രയിക്കണമെന്ന നിബന്ധന നടപ്പില് വരുത്തിയത് മൂലം ദീര്ഘകാലമായി ദ്വീപ് നിവാസികള്ക്ക് കേരളവുമായുള്ള സാംസ്കാരിക , വാണിജ്യ ബന്ധം ഇല്ലാതാവാന് കാരണമായി. ക്രിമിനല് കേസുകള് ഒട്ടുമില്ലാത്ത ലക്ഷദീപില് ഗുണ്ടാ ആക്റ്റ് നടപ്പിലാക്കി. ടൂറിസം വികസനത്തിന്റെ പേരില് മദ്യവില്പ്പന വ്യാപകമാക്കി. ദ്വീപ് നിവാസികളുടെ മുഖ്യാഹാരമായ ബീഫ് നിരോധിക്കാന് തീരുമാനിക്കുകയും ഗോവധ നിരോധന നിയമം നടപ്പില് വരുത്തുകയും ചെയ്തു.
വികസനമെന്ന പേരില് ജനവിരുദ്ധ കരിനിയമങ്ങള് നടപ്പിലാക്കുന്നത് വഴി ലക്ഷദ്വീപിനെ കോര്പ്പറേറ്റുകള്ക്ക് അടിയറവെക്കുകയാണ് മോഡി സര്ക്കാര് ചെയ്യുന്നത്. കേന്ദ്രസര്ക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ നടപടികള്ക്കെതിരെ നാടെങ്ങും ഉയര്ന്നുവരുന്ന പ്രതിഷേധസമരങ്ങളുടെ ഭാഗമായാണ് കേരളപ്രവാസി സംഘം വീട്ടുമുറ്റങ്ങളില് ഐക്യദാര്ഢ്യ സദസ്സ് സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികള് പറഞ്ഞു.
പ്രസിഡന്റ് എം. സുരേന്ദ്രന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് സംസ്ഥാന ട്രഷറര് ബാദുഷ കടലുണ്ടി സെക്രട്ടറി സി. വി ഇക്ബാല് എന്നിവര് സംസാരിച്ചു.