തിരുവനന്തപുരം: കോവിഡ് മരണനിരക്കിലെ ക്രമക്കേട് സർക്കാർ അന്വേഷിക്കണമെന്നും അർഹതപ്പെട്ട കുട്ടികൾക്ക് ആനുകൂല്യം നഷ്ടമാകുന്നത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞുവെന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ അവകാശവാദം. കോവിഡ് മഹാമാരിയെ നേരിടുന്നതിന് സർക്കാരിന് ഒരു ഉപാധികളുമില്ലാതെയുള്ള പിന്തുണയാണ് യുഡിഎഫ് നൽകുന്നത്. മരണനിരക്കിനെ കുറിച്ച് ധാരാളം പരാതികൾ ഉയർന്നുവരുന്നുണ്ട്. മാതാപിതാക്കൾ കോവിഡ് മൂലം മരിച്ച് അനാഥരാകുന്ന കുട്ടികൾക്ക് സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മരണനിരക്ക് മനഃപൂർവ്വം കുറച്ചാൽ ധാരാളം കുട്ടികൾക്ക് ഈ ആനുകൂല്യം നഷ്ടമാകും. പല ജില്ലകളിലും ഡോക്ടർമാരുടെ സംഘടനകൾ ഉൾപ്പടെ മരണനിരക്കിനെ കുറിച്ചുള്ള പരാതികൾ ഉന്നയിച്ചിട്ടുണ്ട്. സർക്കാരത് ഗൗരവമായി പരിശോധിക്കണംസതീശൻ പറഞ്ഞു.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചുവെന്നാണ് മറ്റൊരു അവകാശവാദം. ക്ഷേമപെൻഷനല്ലാം കൃത്യമായി കൊടുത്തുവെന്ന് പറയുന്ന സർക്കാർ തന്നെ വൈകിയ പെൻഷൻ നികത്തിയെന്നും പറയുന്നു. ഇത് എങ്ങനെ പൊരുത്തപ്പെടുമെന്ന് മനസ്സിലാകുന്നില്ലെന്നും സതീശൻ പറഞ്ഞു.
മൂന്ന് കാര്യത്തെ കുറിച്ച് നയപ്രഖ്യാപനത്തിൽ പ്രതിപക്ഷം എന്ന നിലയിൽ പ്രതീക്ഷയുണ്ടായിരുന്നു. ഒന്നാമത്തേത് ഒരു ആരോഗ്യ പ്ലാനാണ്. ഇതുവരെയുള്ള ഒരു ആരോഗ്യ നയമല്ല നമുക്ക് വേണ്ടത്. ഒരു പുത്തൻ ആരോഗ്യനയം കേരളത്തിന് ഉണ്ടാകുമെന്ന് തങ്ങൾ കരുതിയിരുന്നു. മൂന്നാം തരംഗം വരുമ്പോൾ എന്ത് തയ്യാറെടുപ്പ് നടത്തണമെന്നത് സംബന്ധിച്ച് ഒരു നയം ഉണ്ടാകാത്തത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
രണ്ടാമത്തേത് കുട്ടികളുടെ വിദ്യാഭ്യാസമാണ്. ഇത് രണ്ടാം തവണയാണ് വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിലേക്ക് കടക്കുന്നത്. കുട്ടികളും മാതാപിതാക്കളും ഇതിൽ അസ്വസ്ഥരാണ്. ഇതിനായി ഒരു മാർഗരേഖ വേണ്ടിയിരുന്നു.
മുന്നാമത്തേത്, ഒരു ദുരന്തനിവാരണ മാനേജ്മെന്റ് പ്ലാൻ തങ്ങൾ പ്രതീക്ഷിച്ചിരുന്നു, അതും ഉണ്ടായില്ല. കോവിഡ് മഹാമാരിയുടെ ദുരിതം അനുഭവിക്കുന്നതിനിടെയാണ് കടലാക്രമണവും മറ്റു കെടുതികളും വരുന്നത്. ഇനി ഒരു പ്രളയം കൂടി ഉണ്ടായാൽ എങ്ങനെ നേരിടും എന്നതടക്കമുള്ളതിനെ കുറിച്ച് ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ വേണ്ടിയിരുന്നുവെന്നും സതീശൻ പറഞ്ഞു.