ന്യൂഡൽഹി
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും സമ്പദ്ഘടനയെ രക്ഷിക്കാനും ആരോഗ്യമേഖലയിൽ സർക്കാർ കൂടുതൽ പണം ചെലവിടണമെന്ന് റിസർവ് ബാങ്ക്. പരമാവധിപേർക്ക് ഉടന് വാക്സിൻ നൽകണം. വാക്സിൻ ഗവേഷണത്തിനും ഉൽപ്പാദനത്തിനും ദ്രുതനടപടിവേണം. പ്രാദേശിക അടച്ചിടല് അടക്കം വിവേകപൂർണമായ നടപടി വേണമെന്നും റിസർവ് ബാങ്കിന്റെ വാർഷികറിപ്പോർട്ടിൽ പറയുന്നു.
കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ആഘാതത്തിൽനിന്ന് സമ്പദ്ഘടന കരകയറിവരവെയാണ് രണ്ടാം വ്യാപനം. സാമ്പത്തിക വളർച്ചാ നിഗമനങ്ങൾ പാളിപ്പോയേക്കാം. ഏപ്രിൽ വരെ ഏഴ് മാസം ജിഎസ്ടി വരുമാനം ലക്ഷം കോടി രൂപ കവിഞ്ഞു. എന്നാൽ യാത്ര–-ചരക്ക് കടത്ത് നിയന്ത്രണം വരുംമാസങ്ങളിൽ ജിഎസ്ടി വരുമാനത്തെ ബാധിക്കും. കഴിഞ്ഞവർഷം മൊത്തം മൂലധനസമാഹരണ മൂല്യം 2019–-20നെ അപേക്ഷിച്ച് 7.4 ശതമാനം ചുരുങ്ങി. വ്യവസായ ഉൽപ്പാദനസൂചിക 8.6 ശതമാനം ഇടിഞ്ഞു. സേവനമേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുണ്ടായി.
രാജ്യത്തെ ബാങ്കിങ് സംവിധാനവും ഡിജിറ്റൽ ഇടപാടുകളും എത്രത്തോളം പേർക്ക് പ്രയോജനപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന സൂചിക റിസർവ് ബാങ്ക് തയ്യാറാക്കും. ഓഹരിവിപണിയുടെ കുതിപ്പിന് അടിസ്ഥാന യാഥാർഥ്യങ്ങളുമായി ബന്ധമുണ്ടോ എന്ന് ആശങ്കയുണ്ട്. അപകടകരമായ ആസ്തികളുടെ മൂല്യവളർച്ച കുമിളയായി മാറാൻ സാധ്യതയുണ്ട്–-റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി.
പിന്നെയും ഇടിഞ്ഞ് കുത്തിവയ്പ് ; കഴിഞ്ഞ മാസത്തേക്കാൾ
75 ശതമാനം ഇടിവ്
രാജ്യത്ത് ബുധനാഴ്ച വാക്സിൻ കുത്തിവയ്പ് 18.64 ലക്ഷം മാത്രം. തിങ്കളാഴ്ച 23.80 ലക്ഷവും ചൊവ്വാഴ്ച 20.63 ലക്ഷവുമായിരുന്നു കുത്തിവയ്പ്. ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ കുത്തിവയ്പ്പ് ഇടിഞ്ഞത് 75 ശതമാനത്തോളം.
കർണാടക, മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ് തുടങ്ങി പലയിടത്തും യുവജനങ്ങളുടെ കുത്തിവയ്പ്പ് നിര്ത്തി. സംസ്ഥാനങ്ങൾ വിദേശ വാക്സിനുകൾക്കായി ശ്രമിച്ചെങ്കിലും ഫലം നിരാശ. റഷ്യയുടെ സ്പുട്നിക്ക് വാക്സിൻ മാത്രമാണ് പരിമിതമായെങ്കിലും ലഭ്യമായത്.സൈഡസ് കാഡില, ബയോ ഇ, ജെന്നോവ തുടങ്ങിയ കമ്പനികള് ആഭ്യന്തരമായി വാക്സിനുകൾ വികസിപ്പിക്കുന്നുണ്ട്. എന്നാൽ പരീക്ഷണമെല്ലാം പൂർത്തിയായി വിപണിയിൽ ലഭ്യമാകാൻ ആറുമാസമെങ്കിലും വേണ്ടി വരും. 23.74 കോടി പേർ വാക്സിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.