ഗഡാൻസ്ക്
യൂറോപ്യൻ ഫുട്ബോളിലെ ഐതിഹാസിക ഷൂട്ടൗട്ട് പോരിനൊടുവിൽ യൂറോപ ലീഗ് ഫുട്ബോളിൽ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന് കിരീടം. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 11‐10ന് മറികടന്നാണ് വിയ്യാറയലിന്റെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 1‐1 ആയിരുന്നു ഫലം. 22 കിക്കുകൾ പിറന്നപ്പോൾ ഒരെണ്ണം മാത്രം പിഴച്ചു. യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡെഗെയയുടെ ശക്തി കുറഞ്ഞ കിക്ക് വിയ്യാറയൽ ഗോൾ കീപ്പർ ജെറോനിമോ റുള്ളി തട്ടിയകറ്റിയപ്പോൾ ദൈർഘ്യമേറിയ ഷൂട്ടൗട്ട് പോരിന് അവസാനമായി. തൊട്ടുമുമ്പത്തെ വിയ്യാറയലിന്റെ കിക്ക് റുള്ളി വലയിലാക്കിയിരുന്നു. കളത്തിലെ ഔട്ട്ഫീൽഡ് കളിക്കാരെല്ലാം കിക്ക് ലക്ഷ്യത്തിലെത്തിച്ചുവെന്ന അപൂർവതയും ഗഡാൻസ്കിൽ സംഭവിച്ചു.
ഒലെ ഗുണ്ണാർ സോൾചെയറിന് കീഴിൽ കന്നിക്കിരീടം തേടിയിറങ്ങിയ യുണൈറ്റഡിനെ വിയ്യാറയൽ വെള്ളം കുടിപ്പിച്ചു. യൂറോപയിൽ മികച്ച റെക്കോഡുള്ള പരിശീലകൻ ഉനായ് എമെറി വിയ്യാറയലിനെ കിരീടത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. പരിശീലക കുപ്പായത്തിൽ നാല് യൂറോപ കിരീടങ്ങളായി എമെറിക്ക്. വിയ്യാറയലിന്റെ ആദ്യ പ്രധാന കിരീടമാണിത്.
മറുവശത്ത് കഴിഞ്ഞ നാല് വർഷമായി യുണൈറ്റഡിന് ഒരു കിരീടവുമില്ല. 2017ൽ യൂറോപ കിട്ടിയതിനുശേഷം നിരാശയാണ് ഫലം. ഷൂട്ടൗട്ടിലെ നാടകീയത ഒഴിച്ചുനിർത്തിയാൽ കളി വിരസമായിരുന്നു. ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകൾ ഇരുവശത്തും കുറവായിരുന്നു. യുണൈറ്റഡ് മുന്നേറ്റ നിരയിൽ മാർകസ് റാഷ്ഫഡ് ലക്ഷ്യം മറന്നപ്പോൾ മധ്യനിരയിലെ പ്രധാനികളായ ബ്രൂണോ ഫെർണാണ്ടസും പോൾ പോഗ്ബയും നിർണായക ഘട്ടത്തിൽ കളി മറന്നു. മറുവശത്ത് വിയ്യാറയൽ ശക്തമായ പ്രതിരോധമുയർത്തി.യുണൈറ്റഡിന്റെ തുടക്കംതന്നെ പാളി. ജെറാർഡ് മൊറേനോയുടെ ഗോളിൽ അവർ ആദ്യ അരമണിക്കൂറിൽതന്നെ പിന്നിലായി. ഡാനി പറേയോയുടെ ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്.
അമ്പത്തഞ്ചാം മിനിറ്റിൽ എഡിൻസൺ കവാനി യുണൈറ്റഡിന് ജീവൻ നൽകി. ലൂക്ക് ഷായുടെ കോർണർ കിക്ക് ഗോളിന് അവസരമൊരുക്കി. റാഷ്ഫഡിന് മികച്ച അവസരം കിട്ടിയെങ്കിലും പാഴായി. മാസൺ ഗ്രീൻവുഡ് ഗോൾ മുഖത്ത് നൽകിയ അവസരം, റാഷ്ഫഡ് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പുറത്തേക്കടിച്ച് കളഞ്ഞു.
അധിക സമയത്തും കളിയിൽ മാറ്റമുണ്ടായില്ല. തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു.
യുണൈറ്റഡ് കഴിഞ്ഞ സീസണിൽ മറ്റൊരു സ്പാനിഷ് ക്ലബ്ബ് സെവിയ്യയോട് സെമിയിൽ തോറ്റ് പുറത്താവുകയായിരുന്നു. വിയ്യാറയലിനെതിരെ സോൾചെയറുടെ തന്ത്രങ്ങളുംപാളി. അധികസമയത്താണ് സോൾചെയർ ആദ്യമായി പകരക്കാരെ കൊണ്ടുവരുന്നത്. ഗോൾ കീപ്പർ ഡേഗെയ അവസാനം നേരിട്ട 21 പെനൽറ്റി കിക്കുകളിൽ ഒന്നുപോലും തടഞ്ഞിട്ടുമില്ല. ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനമാണ് യുണൈറ്റഡിന്റെ ഏക ആശ്വാസം.