ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടത്തിലെ വ്യവസ്ഥകളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി വാട്സാപ്പിന് പിന്നാലെ ട്വിറ്ററും രംഗത്തെത്തി. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നേരിടുന്ന കടുത്ത വെല്ലുവിളിയിൽ ആശങ്കയുണ്ടെന്നും ഡല്ഹി പൊലീസ് വിരട്ടാന് ശ്രമിക്കുകയാണെന്നും ട്വിറ്റര് അധികൃതര് തുറന്നടിച്ചു.
ബിജെപി വക്താവ് സംപീത് പത്രയുടെ ചില ട്വീറ്റുകൾ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി അവയ്ക്ക് ട്വിറ്ററില് ‘മാനിപ്പുലേറ്റഡ് മീഡിയ’ ലേബൽ നൽകിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് ട്വിറ്ററിന്റെ ഡൽഹി, ഗുരുഗ്രാം ഓഫീസുകളിൽ എത്തി. ഡല്ഹി പൊലീസ് വിരട്ടാനാണ് ശ്രമിച്ചതെന്ന് ട്വിറ്റര് കുറിപ്പില് തുറന്നടിച്ചു. ‘ഞങ്ങളുടെ ചില ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളിൽ ആശങ്കയുണ്ട്. അതോടൊപ്പം, ഞങ്ങൾ സേവിക്കുന്ന ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളും ആശങ്കപ്പെടുത്തുന്നു. സേവനം തുടർന്നും ലഭ്യമാകാൻ ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ പരമാവധി പരിശ്രമിക്കും. അതോടൊപ്പം സ്വകാര്യതയും അഭിപ്രായസ്വാതന്ത്ര്യവും സുതാര്യതയും ഉറപ്പാക്കാൻ നിയമവാഴ്ചയ്ക്കുള്ളിൽനിന്ന് നടപടികള് സ്വീകരിക്കും.’–- ട്വിറ്റർ വ്യക്തമാക്കി.
രാജ്യത്തിന്റെ നിയമസംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ട്വിറ്ററിന്റേത് എന്നാണ് കേന്ദ്രസര്ക്കാരിന്റെ പ്രതികരണം.