തിരുവനന്തപുരം
സംസ്ഥാനത്ത് റേഷൻ മുൻഗണനാ പട്ടികയിൽ ഇടംപിടിച്ച അനർഹരായവരെ പൂർണമായി ഒഴിവാക്കി അർഹരായവരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഭക്ഷ്യ–-പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻഗണനാ കാർഡുകൾ ലഭിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിശ്ചിത ആളുകളെ മാത്രമേ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാകൂ. ഈ സാഹചര്യത്തിൽ അനർഹരെ പൂർണമായും പട്ടികയിൽനിന്ന് ഒഴിവാക്കും. അനർഹരായവർക്ക് പട്ടികയിൽനിന്ന് സ്വയം ഒഴിയാൻ അവസരം നൽകും. ഈ ഘട്ടത്തിൽ പട്ടികയിൽനിന്ന് ഒഴിവായാൽ നിയമനടപടിയിൽനിന്ന് ഒഴിവാകാനാകുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവർ വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. കിറ്റ് വേണ്ടാത്തവർക്ക് റേഷൻ കടകളിൽ വിവരം അറിയിക്കാം. നെല്ല് സംഭരണം ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഴ മൂലം വിള നാശം സംഭവിച്ചവർക്ക് കൃഷി വകുപ്പുമായി ചേർന്ന് ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മാസവും ആദ്യ ആഴ്ചയിലെ ഒരു ദിവസം ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനായി ഓൺലൈൻ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. സെക്രട്ടറി ബി അഭിജിത്ത് സ്വാഗതവും ട്രഷറർ അനുപമ ജി നായർ നന്ദിയും പറഞ്ഞു.