മനാമ > ബഹ്റൈനിലെ പ്രമുഖ ടെക്സ്റ്റയില്സ് ഹോള്സയില്സ് വ്യാപാരി മുഹമ്മദ് ശരീഫ് അഹമ്മദ് മുഹമ്മദ് ശരീഫിന്റെ നിര്യാണം പ്രവാസി സമൂഹത്തന് നൊമ്പരമായി. മലയാളികള് അടക്കമുള്ള പ്രവാസി സമൂഹത്തിന് സ്നേഹവും കരുതലുമായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. 94 വയസായിരുന്നു.
കഴിഞ്ഞ 75 വര്ഷമായി മനാമ സൂഖില് മുഹമ്മദ് ശരീഫ് അഹമ്മദ് കമ്പനി എന്ന വസ്ത്ര വില്പ്പന ശാല നടത്തിവരികയായിരുന്നു. ബഹ്റൈന് സ്വദേശിയായ മുഹമ്മദ് ശരീഫ് മലയാളികളടക്കമുള്ള ഇന്ത്യന് സമൂഹവുമായി അടുത്ത ബന്ധം പലര്ത്തി. മലയാളി സമൂഹത്തിന്റെ താങ്ങും തണലുമായിരുന്നു. സാധാരണക്കാരായ ചെറുകിട കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലും സഹായിക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. തികഞ്ഞ മനുഷ്യസ്നേഹിയിരുന്ന അദ്ദേഹം എല്ലാവരോടും സ്നേഹപൂര്വ്വമായിരുന്നു ഇടപെട്ടിരുന്നത്. അവരുടെ പ്രശ്നങ്ങള് സ്വന്തം പ്രശ്നങ്ങളായി കണ്ട് അവ പരിഹരിക്കാന് മുന്നില് നിന്ന് പ്രവര്ത്തിച്ചു. ആരു വന്നാലും വസ്ത്രങ്ങള് ഉള്പ്പെടെ കടം നല്കിയും മറ്റും അദ്ദേഹം സഹായിക്കുമായിരുന്നു.
കേരളക്കരയുമായി വളരെ അടുത്ത ബന്ധം പുലര്ത്തിയിരുന്ന അദ്ദേഹം രണ്ടു തവണ കേരളം സന്ദര്ശിച്ചിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, സിപിഐം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്, എ വിജയ രാഘവന്. ഇപി ജയരാജന്, മന്ത്രി എംവി ഗോവിന്ദന്, പി കരുണാകരന്, വൈക്കം വിശ്വന്, എസ് ശര്മ്മ, കെ ടി ജലീല് എംഎല്എ, രാജ്യസഭാംഗവും കൈരളി ടിവി എംഡിയുമായ ജോണ് ബ്രിട്ടാസ്, പരേതനായ പി ഗോവിന്ദ പിള്ള, മറ്റ് പ്രമുഖ ഇടത് പക്ഷ നേതാക്കള് എന്നിവരുടെ ബഹ്റൈന് സന്ദര്ശനത്തിന് ഏറ്റവും സഹായകരമായ സമീപനം സ്വീകരിച്ച വ്യക്തിയായിരുന്നു മുഹമ്മദ് ഷരീഫ് എന്ന് പ്രവാസി കമ്മീഷന് അംഗം സുബൈര് കണ്ണൂര് അനുസ്മരിച്ചു. പ്രവാസികള്ക്ക് ശരിക്കും അത്താണിയായിരുന്നു അദ്ദേഹം. മലയാളി പ്രവാസി സമൂഹം അദ്ദേഹത്തോട് വലിയ രീതിയില് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ശരീഫിന്റെ നിര്യാണത്തില് ബഹ്റൈനിലെ സാമൂഹ്യ, സാംകാരി ജീവകാരുണ്യ സംഘടനയായ ബഹ്റൈന് പ്രതിഭയും ഇടതുപക്ഷ മതേതര കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൂട്ടായ്മയും ചെറുകിട മലയാളി കച്ചവടക്കാരുടെ കൂട്ടായ്മയായ ബഹ്റൈന് മലയാളി ബിസിനസ്സ്ഫോറവും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മുഖ്യമന്ത്രി അനുശോചിച്ചു
മുക്കാല് നൂറ്റാണ്ടായി ബഹ്റൈന് മലയാളി സമൂഹത്തില് സജീവ സാന്നിധ്യവും മലയാളികളുടെ പ്രശ്നങ്ങള് പരിഹരിക്കാന് മുന്നില് നിന്ന് പ്രവര്ത്തിച്ച വ്യക്തിയുമായ മുഹമ്മദ് ശരീഫിന്റെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.