തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നൽകും. 18 വയസ്സുവരെ 2000 രൂപ മാസം തോറും നൽകും. കുട്ടികളുടെ ബിരുദ തലംവരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ കോവിഡ് തരംഗം ഉച്ചസ്ഥായിയിൽ എത്തി രോഗവ്യാപനം കുറയാൻ തുടങ്ങിയിട്ട് രണ്ടാഴ്ചആയിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്നും എന്നാൽമരണസംഖ്യയിൽ കാര്യമായ കുറവുണ്ടാകാൻ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തിൽ രോഗബാധിതരായവർക്കിടയിൽ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനത്തിൻറെ വേഗം പിടിച്ചുനിർത്തി ആരോഗ്യസംവിധാനത്തിനുൾക്കൊള്ളാവുന്ന പരിധിക്ക് താഴെ നിർത്തുക എന്ന നയമാണ് നാം തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് മറ്റു പ്രദേശങ്ങളേക്കാൾ നീണ്ടു നിൽക്കുന്ന രോഗവ്യാപനത്തിൽ അധികമായി ആശങ്ക ഉണ്ടാകേണ്ടതില്ല. ആളുകളുടെ ജീവൻ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം ഏറ്റവും നന്നായി നിർവഹിക്കുക എന്നതിന് പ്രാധാന്യം നൽകിയേ തീരൂ.ലോക്ഡൗൺ ഇളവുകൾ ലഭിക്കുമ്പോൾ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മനുഷ്യസഹജമാണ്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. അതുകൊണ്ട് ലോക്ഡൗൺ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോവിഡ് വ്യാപനത്തിനിടയാക്കുന്ന വിധത്തിലുള്ള പെരുമാറ്റവും പ്രവർത്തനങ്ങളും ഉണ്ടാകാതെ നമ്മൾ നോക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights:Special package for protection of children whose parents have died in covid 19- Pinarayi Vijayan